ഏറ്റവും ശക്തവും ഉദാത്തവുമായ പ്രാര്‍ത്ഥനയാണ് മധ്യസ്ഥപ്രാര്‍ത്ഥന. ഒരാള്‍, അല്ലെങ്കില്‍ ഒരുകൂട്ടമാളുകള്‍ മറ്റൊരാള്‍ക്കുവേണ്ടി മാധ്യസ്ഥ്യം വഹി ച്ചു പ്രാര്‍ത്ഥിക്കുമ്പോള്‍ രണ്ടു സുപ്രധാനങ്ങളായ ദൈവകല്‌പനകളാണ് അതുവഴി നിവര്‍ത്തീകരിക്കുന്നത്. എ ല്ലാ പ്രാര്‍ത്ഥനയിലും ഒന്നാമത്തെ ദൈ വകല്‌പന അനുസരിക്കുന്നുണ്ട്. ദൈവമായ കര്‍ത്താവിനെ പൂര്‍ണ ഹൃദയത്തോടും പൂര്‍ണ ആത്മാവോടും പൂര്‍ ണ മനസോടും പൂര്‍ണ ശക്തിയോടും സ്‌നേഹിക്കുന്നതുകൊണ്ടാണല്ലോ പ്രാ ര്‍ത്ഥനയ്‌ക്കായി നാമോരോരുത്തരും ദൈവസന്നിധിയിലേക്ക് ചെല്ലുന്നത്. എന്നാല്‍, മധ്യസ്ഥപ്രാര്‍ത്ഥന നടത്തുന്നയാള്‍, രണ്ടാമത്തെ സുപ്രധാന കല്‌പനയായ `നിന്റെ അയല്‌ക്കാരനെ സ്‌നേഹിക്കുക' എന്ന കല്‌പനകൂടി അ നുസരിക്കുകയാണ്. ഒരാള്‍ മധ്യസ്ഥപ്രാര്‍ത്ഥന നടത്തുമ്പോള്‍, സ്വാര്‍ത്ഥതയുടെ ഗിരിശൃംഗങ്ങളില്‍ നിന്നിറങ്ങി അപരനെക്കൂടി അനുനയിക്കുന്ന സാ ഹോദര്യസ്‌നേഹത്തിന്റെ സമതലങ്ങളിലൂടെ നടന്ന്, ദൈവാനുഭവത്തിലേക്കു ള്ള പ്രയാണം ത്വരിതപ്പെടുത്തുകയാണ്. മറ്റുള്ളവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുമ്പോഴാണ് നമ്മിലെ അഹം മുറിയുന്നതും അടര്‍ന്നു വീഴുന്നതും! നമ്മുടെ ശിലാഹൃദയങ്ങള്‍ എടുത്തുമാറ്റാനും പകരം മാംസളഹൃദയങ്ങള്‍ വച്ചുപിടിപ്പിക്കാ നും ദൈവം ശസ്‌ത്രക്രിയ നടത്തുന്ന ധന്യനിമിഷങ്ങളാണ് മധ്യസ്ഥപ്രാര്‍ത്ഥനയുടെ പുണ്യമുഹൂര്‍ത്തങ്ങള്‍. അപരന്റെ ആവശ്യങ്ങള്‍ നമ്മുടെതന്നെ ആ വശ്യങ്ങളാണെന്നു തിട്ടപ്പെടുത്തി ദൈ വത്തോട് ഉള്ളുരുകി കേഴുമ്പോള്‍ ലോ കമോഹങ്ങള്‍ തകര്‍ക്കപ്പെടുകയാണ്. ഒന്നും എഴുതാത്ത ഒരു വെള്ളക്കടലാസായ നമ്മുടെ മനസിനെ മാറ്റി, അപര ന്റെ സങ്കടങ്ങള്‍ അതില്‍ കോറിയിട്ടു ദൈവത്തിന്റെ അനന്തമായ കാരുണ്യത്തിനായി സമര്‍പ്പിക്കുമ്പോള്‍ ദൈവം ഇടപെടുകയില്ലെന്ന് ആര്‍ക്കാണ് പറയാനാവുക? ദൈവം ശക്തമായി ഇടപെടുന്ന പ്രാര്‍ത്ഥന മധ്യസ്ഥപ്രാര്‍ത്ഥനയാണ്.
രക്ഷയുടെ സാധ്യതകള്‍
ഉല്‍പത്തി പുസ്‌തകത്തില്‍ അബ്ര ഹാം നടത്തിയ മധ്യസ്ഥപ്രാര്‍ത്ഥനയില്‍ ദൈവവും മനുഷ്യനുമായുള്ള ഊഷ്‌മളമായ ബന്ധം കാണാം. മാനവചരിത്രത്തിലുടനീളം എവിടെയെല്ലാം കൃപാവരത്തി ന്റെ ആവശ്യമുണ്ടോ അവിടെയെല്ലാം മ ധ്യസ്ഥ പ്രാര്‍ത്ഥനയുടെ ശക്തിയും ആ വശ്യമാണെന്ന് അബ്രഹാമിന്റെ മധ്യസ്ഥപ്രാര്‍ത്ഥന വ്യാഖ്യാനിച്ച ബനഡിക്‌ട് പതിനാറാമന്‍ മാര്‍പാപ്പ പറയുന്നു. സോദോം-ഗൊമോറാ നിവാസികള്‍ക്കുവേണ്ടി അ ബ്രഹാം നടത്തിയ മധ്യസ്ഥപ്രാര്‍ത്ഥനയു ടെ ആഴവും പരപ്പും ഗ്രഹിച്ച, നമ്മളോട് ആശയവിനിമയം ചെയ്യുന്ന ദൈവവുമായി പ്രാര്‍ത്ഥനയിലൂടെ പ്രത്യുത്തരം നല്‌കേണ്ടതിനെക്കുറിച്ചും തന്റെ പ്രബോധനത്തില്‍ പാപ്പാ പരാമര്‍ശിക്കുന്നുണ്ട്. ഉല്‍പത്തി പുസ്‌തകത്തില്‍ പതിനെട്ടാം അധ്യായത്തിലാണ്, ദൈവകാരുണ്യത്തിന്റെ മുഴുവന്‍ തീര്‍ത്ഥവും തന്നിലേക്കൊഴുകി എത്താനുള്ള ആഴമുള്ള ചാലുകീറി അബ്രഹാം നടത്തുന്ന മധ്യസ്ഥപ്രാര്‍ത്ഥന നമ്മള്‍ വായിക്കുന്നത്. സോദോം-ഗൊമോറാ നഗരങ്ങളുടെ നിലനില്‌പ് ഒരു ആവശ്യമായി കാ ണുന്ന അബ്രഹാം, ശിക്ഷ ആസന്നമായവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയും യാചിക്കുകയും ചെയ്യുമ്പോള്‍, കുറ്റം ചെയ്‌തവര്‍ക്കും രക്ഷയുടെ സാധ്യത ഒരുക്കിക്കൊടുക്കുക എന്ന ലക്ഷ്യവും നിവര്‍ത്തിക്കുകയാണ് എന്ന കാര്യവും പാപ്പാ നിരീക്ഷിക്കുന്നു. അന്‍പത് നീതിമാന്മാരെ കണ്ടെത്തിയാല്‍ അങ്ങ് ഈ നഗരങ്ങളെ നശിപ്പിക്കരുത് എന്നു യാചിക്കുന്ന അബ്രഹാം, ദൈവത്തിലുള്ള തന്റെ ദൃഢമായ വിശ്വാസം അതിന്റെ പാരമ്യാവസ്ഥയില്‍ അനുഭവിക്കുമ്പോള്‍, നീതിമാന്മാരുടെ സംഖ്യ കുറച്ചു കുറച്ച് പത്ത് എന്ന താഴ്‌ന്ന സംഖ്യയിലേക്ക് കൊണ്ടുവരുന്നതായി കാണാം. പാപികളോടൊപ്പം നീതിമാന്മാരും നശിപ്പിക്കപ്പെടാന്‍ പോകുന്നു എന്ന വ്യാകുലതയ്‌ക്കപ്പുറം, പാപം ചെയ്‌തവരുടെ മാനസാന്തരവും തിരിച്ചുവരവും എന്ന ചിന്തകൂടി അബ്രഹാമിന്റെ മധ്യസ്ഥ പ്രാര്‍ത്ഥനയില്‍ ഉള്‍ച്ചേര്‍ന്നിട്ടുണ്ട് എന്നു തിരിച്ചറിയുന്ന ദൈവം `പത്ത്' നീതിമാന്മാര്‍ എന്ന ചെറിയ സംഖ്യയ്‌ക്കും സമ്മതംമൂളുന്നു.
രക്ഷയുടെ ശുശ്രൂഷ
പത്ത് നീതിമാന്മാരെങ്കിലും ഉണ്ടെങ്കില്‍ സോദോം-ഗൊമോറാ നശിക്കപ്പെടുകയില്ല എന്ന സ്ഥിതിയിലേക്ക് ദൈവകാരുണ്യത്തിന്റെ ഉറവ ഒഴുക്കിക്കൊണ്ടുവരുവാന്‍, അബ്രഹാമിന്റെ മധ്യസ്ഥപ്രാര്‍ത്ഥനയ്‌ക്ക് കഴിഞ്ഞു. പാപ്പ തന്റെ പ്രബോധനത്തിലൂടെ നമ്മോട് പറയുന്നു: ``ഇതാണ് മധ്യസ്ഥപ്രാര്‍ത്ഥനയുടെ ശക്തി! എന്തെന്നാല്‍, മാധ്യസ്ഥ്യം വഹിക്കുന്നതിലൂടെ മറ്റുള്ളവരുടെ രക്ഷയ്‌ക്കായി ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നതിലൂടെ, ദൈവികമനസില്‍ നട്ടുനനച്ചു പരിപോഷിക്കപ്പെടുന്ന `പാപിയുടെ രക്ഷ' എന്ന തീവ്രാഭിലാഷം തന്നെയാണ് പ്രകടിതമാകുന്നത്.'' നമ്മുടെ മധ്യസ്ഥപ്രാര്‍ത്ഥനകളിലും നിഷ്‌കളങ്കമായ ആവശ്യങ്ങള്‍ മാത്രമായിരിക്കണം ഉയരേണ്ടത്.
ഇന്ന് കേരള സഭയില്‍ ധാരാളം മധ്യസ്ഥപ്രാര്‍ത്ഥനാഗ്രൂപ്പുകള്‍ ശുശ്രൂഷകള്‍ ചെയ്യുന്നുണ്ട്. ദൈവത്തിന്റെ സ്വന്തം നാടിനെ താങ്ങിനിര്‍ത്തുന്ന ഇവരുടെ ശുശ്രൂഷകളിലെ നിയോഗങ്ങള്‍ അബ്രഹാമിന്റെ പ്രാര്‍ത്ഥനയിലെ ശക്തിയും സമ്മര്‍ദ്ദവും കൈവരിക്കണമെങ്കില്‍, ദൈവികാഭിലാഷങ്ങളോട് ഇണങ്ങുന്നവിധം അവയെ സംയോജിപ്പിക്കേണ്ടത് ആവശ്യമാണ്.
മറ്റൊരാള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നത് അയല്‌ക്കാരനെ സ്‌നേഹിക്കാനും ആതുരനെ ശുശ്രൂഷിക്കാനും കിട്ടുന്ന അവസരമായി വേണം കരുതാന്‍. പ്രാര്‍ത്ഥിക്കാന്‍ ആവശ്യപ്പെടുന്നയാ ള്‍ക്കും ദൈവത്തിനും മധ്യേ അതിവിശുദ്ധമായൊരു സ്ഥാനത്താണ് താനെന്ന അവബോധത്തോടെ വേണം ഈ ശുശ്രൂഷയ്‌ക്കായി മുട്ടുകള്‍ മടക്കേണ്ടത്. വിശുദ്ധന്മാരുടെ സ്വര്‍ഗീയ സേവനം തന്നെയാണ് താനേറ്റെടുത്തിരിക്കുന്നതെന്ന ഉള്‍ക്കാഴ്‌ചയോടെ വേണം പ്രാര്‍ ത്ഥനയ്‌ക്കായി ഒരുങ്ങേണ്ടത്. ഭൗതികകാര്യങ്ങള്‍ക്കുവേണ്ടിയുള്ള അപേക്ഷകളാണ് തന്റെ മുമ്പിലുള്ളതെങ്കിലും, അവരുടെ ആത്മരക്ഷയ്‌ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥനയുടെ ഉത്തരവാദിത്വംകൂടി മധ്യസ്ഥപ്രാര്‍ത്ഥന നടത്തുന്നവരുടെ ഉള്ളിലുണ്ടായിരിക്കണം. കര്‍ത്താവ് ഭരമേല്‌പിച്ചിട്ടുള്ള `രക്ഷ'യുടെ ശുശ്രൂഷയിലാണ് താന്‍ പങ്കുചേര്‍ന്നിരിക്കുന്നതെന്ന ദൃഢബോധ്യത്തോടെ നടത്തുന്ന ഏതൊരു മധ്യസ്ഥപ്രാര്‍ത്ഥനയും ഫലമണിയാതെ നഷ്‌ടമാകുവാന്‍ ദൈവം ഇടവരുത്തുകയില്ല. അതാണ് മധ്യസ്ഥപ്രാര്‍ത്ഥനയുടെ ശക്തിയും സൗന്ദര്യവും.

