Home » » പാമ്പ്‌ Vs പാസ്റ്റര്‍

പാമ്പ്‌ Vs പാസ്റ്റര്‍



മുന്‍ കൂട്ടി നിശ്ചയിച്ച പ്രകാരം, ഞങ്ങള്‍ എല്ലാവരും കൂടി തിരുവനന്തപുരത്ത്‌ കാഴ്ച്ച ബംഗ്ലാവ്‌ കാണാന്‍ പോയി. ട്രയിനില്‍ ആയിരുന്നു യാത്ര.

ശബരിമല സീസണ്‍ ആയിരുന്നതിനാല്‍ അയ്യപ്പന്മാരുടെ തിരക്കായിരുന്നു ട്രയിനില്‍. സ്ലീപ്പര്‍ ടിക്കറ്റ്‌ എടുത്തതിനാല്‍ ഞങ്ങള്‍ കണ്ട ഒരു
കംപ്പാര്‍ട്ട്മെന്റില്‍ കയറി. ചെങ്ങന്നൂര്‍ ആയപ്പോഴെയ്ക്കും, ഏറെ കുറേ അയ്യപ്പന്മാര്‍ ഇറങ്ങിയതോടെ ഞങ്ങള്‍ക്ക്‌ ഇരിക്കാന്‍ സ്ഥലം കിട്ടി. ഞങ്ങളുടെ കൂടെ യാത്ര ചെയുന്ന ഒരാളുടെ വേഷവിധാനത്തില്‍ നിന്ന് ആള്‍ ഒരു പാസ്റ്റര്‍ ആണെന്ന് മനസ്സിലായി. ട്രയിന്‍ യാത്ര ഉല്ലാസപ്രദമാകാണമെങ്കില്‍ യാത്രക്കാര്‍ തമ്മില്‍ തമ്മില്‍ സംസാരിക്കണം, പക്ഷെ ഇവിടെ ഞാന്‍ സംസാരിക്കാന്‍ ശ്രമിച്ചാല്‍ പാസ്റ്റര്‍ തുടങ്ങും, പിന്നെ ഞാന്‍ തന്നെ പാസ്റ്ററിന്റെ വായ്ക്ക്‌ പ്ലാസ്റ്റര്‍ ഒട്ടിക്കേണ്ടി വരും. അങ്ങനെ ആകെ വിഷമിച്ച്‌ ഇരിക്കുമ്പോള്‍ കായംകുളത്ത്‌ നിന്ന് ഒരു 'മദ്യ'വയസ്ക്കന്‍ നമ്മുടെ പാസ്റ്ററിന്റെ അടുത്ത്‌ സ്ഥാനം പിടിച്ചു. ഓഹ്‌!!!, ട്രയിന്‍ 1.30 മണിക്കൂര്‍ ലയിറ്റായിട്ടാണു വന്നത്‌. മദ്യവയസ്ക്കന്‍ വായ തുറന്നതോടെ മറുവശത്തിരുന്ന എന്റെ പോലും തല അല്‍പം മന്ദിച്ചു. പിന്നെ കക്ഷി ലാലു പ്രസാദിനെയും, സര്‍ക്കാരിനെയും നിര്‍ദ്ദാക്ഷ്ണ്യം പുലഭ്യം പറഞ്ഞു കൊണ്ടിരുന്നു. മദ്യവയസ്ക്കന്റെ സംസാരത്തില്‍ അസഹ്യനായ പാസ്റ്റര്‍ എന്നോട്‌ സംസാരിക്കാന്‍ തുടങ്ങി. സംസാരം തുടങ്ങിയതിങ്ങനെ:- ക്രിസ്തുമസ്സിന്റെ തലേ ദിവസം, ദൈവത്തിന്റെ സ്വന്തം നാട്ടില്‍ ഒഴുകിയത്‌ 84 കോടിയുടെ മദ്യമാണു. ആള്‍ക്കാര്‍ കൈയില്‍ കിടക്കുന്ന കാശും കൊടുത്ത്‌ എന്തിനാണിങ്ങനെ നശിക്കുന്നത്‌? പാസ്റ്റര്‍ ഒരു പൊതു തത്വം പറഞ്ഞപ്പോഴെയ്ക്കും,ഓരോരുത്തരും അവരവരുടെ അഭിപ്രായങ്ങള്‍ പറയാന്‍ തുടങ്ങി. എന്നാല്‍ ഞാന്‍ ഈ കാര്യങ്ങളില്‍ യാതൊരു അഭിപ്രായവും രേഖപ്പെടുത്താതെ, മൗനം വിദ്വാനു ഭൂഷണം എന്ന മട്ടില്‍ ഭാര്യയോടും മക്കളോടും സംസാരിച്ച്‌ കൊണ്ടിരുന്നു. ജനപിന്തുണ ലഭിച്ചതോടെ പാസ്റ്റര്‍ ഫോമിലായി. പാസ്റ്റര്‍ പറഞ്ഞു:- ഇവര്‍ ഈ കുടിച്ചു കളയുന്ന പൈസയ്ക്ക്‌ പാല്‍ കുടിച്ചാല്‍, ശരീരവും നന്നാകും, വീട്ടില്‍ കിടക്കുകയും ചെയ്യാം. എല്ലാവരും അതിനോട്‌ യോജിച്ചപ്പോള്‍, മദ്യവയസ്ക്കന്‍ പറഞ്ഞു, ഓഹ്‌ എന്നിട്ടാണോ നമ്മുടെ കര്‍ത്താവ്‌, കല്യാണ വീട്ടില്‍ വെള്ളം വീഞ്ഞാക്കിയത്‌? പിന്നെ എന്താ പുള്ളി പാലുണ്ടാക്കി കൊടുക്കാഞ്ഞത്‌? ചോദ്യം കേട്ടതോടെ പാസ്റ്റര്‍ പരുങ്ങി. പിന്നെ പാസ്റ്റര്‍ പഴയ കാലവും, പുതിയ കാലവും താരതമ്യം ചെയ്യാന്‍ തുടങ്ങി. അങ്ങനെ യാത്രയ്ക്കു ഒരു മൂഡായി. പാസ്റ്റര്‍ തന്റെ വിശദീകരണം പൂര്‍ത്തിയാക്കിയപ്പോള്‍, നമ്മുടെ 'പാമ്പ്‌' പറഞ്ഞു, ബൈബിളില്‍ നോഹ, ദാവീദ്‌, ശലോമോന്‍ മുതലായവര്‍ വീഞ്ഞ്‌ കുടിച്ചിരുന്നു. പിന്നെയാണോ എളിയവനും ദോഷിയും ആയ ഞാന്‍? ഈ വാചകം പാസ്റ്റര്‍ക്ക്‌ നന്നായി സുഖിച്ചു. പിന്നെ രക്ഷയും, മാനസാന്തരവും ആയി വിഷയം. രക്ഷിക്കപ്പെട്ടാലേ സ്വര്‍ഗ്ഗത്തില്‍ പോവുകയുള്ളോ? എങ്കില്‍ കര്‍ത്താവിന്റെ കൂടെ ക്രൂശിക്കപ്പെട്ട വലതു ഭാഗത്തെ കള്ളനോട്‌, ഇന്ന് നീ എന്റെ കൂടെ പറുദീസയിലിരിയ്ക്കും എന്ന് പറഞ്ഞത്‌ രക്ഷിക്കപ്പെട്ടിട്ടാണോ? അതെ, അവന്‍ അവസാനം ക്രൂശില്‍ കിടന്ന് മാനസന്തരപ്പെട്ടു, അങ്ങനെ അവന്‍ രക്ഷിക്കപ്പെട്ടു. പിന്നെ വലതു ഭാഗത്തെ കള്ളന്‍ എന്ന് ബൈബിളില്‍ എങ്ങും പറഞ്ഞിട്ടുമില്ല. ലോകം അവസാനിക്കാറായി, ആയതിനാല്‍ എത്രയും പെട്ടെന്ന് രക്ഷിക്കപ്പെടുക.

ദൈവം സ്വര്‍ഗ്ഗത്തില്‍ നിന്ന് ഭൂമിയിലേക്ക്‌ നോക്കിയപ്പോള്‍ നല്ലവരായി ആരെയും കണ്ടില്ലയെന്ന് ബൈബിളില്‍ പറഞ്ഞിട്ടുണ്ട്‌. അപ്പോള്‍ പാസ്റ്റര്‍ നല്ലവനാണെന്ന് പറയാന്‍ പറ്റുമോ എന്ന് ഒരു മറു ചോദ്യം പാമ്പെറിഞ്ഞു. പാമ്പിനും ബൈബിളില്‍ അല്‍പം അറിവുണ്ട്‌ എന്ന് മനസ്സിലാക്കിയതു കൊണ്ടോ മറ്റോ, പാസ്റ്റര്‍ പ്രവചനത്തിലേക്ക്‌ കയറി. ബൈബിളില്‍ ഇന്ത്യയെ പറ്റി വ്യക്തമായി പറഞ്ഞിട്ടുണ്ട്‌-അറിയാമോ?

പാമ്പ്‌:-അതും ഇതുമായി എന്ത്‌ ബന്ധം?

പാസ്റ്റര്‍:- ബന്ധം ഉണ്ട്‌. ഇംഗ്ലീഷില്‍, ഇന്ത്യയെന്നും, മലയാളത്തില്‍ ഹിന്ദു ദേശമെന്നും എസ്ഥേറിന്റെ പുസ്തകത്തിലാണു പറഞ്ഞിരിക്കുന്നത്‌.

പാമ്പ്‌:- ഓഹ്‌ ക്വിസ്‌ ആയിരുന്നോ? എന്നാല്‍ ഇന്നാ എന്റെ അടുത്ത ചോദ്യം. ബൈബിളില്‍ മഹാത്മാ ഗാന്ധിയെ പറ്റി പറഞ്ഞിരിക്കുന്ന ഭാഗം എവിടെയാണു?

ഈ ചോദ്യം കേട്ടപ്പോള്‍ ഞാനും ഒന്ന് അന്ധാളിച്ചു. മഹാത്മാ ഗാന്ധി, ബൈബിളിലോ? ഞാന്‍ ഭാര്യയെയും ഒന്ന് നോക്കി. അവള്‍ക്കും 'നോ ഇന്‍ഫര്‍മേഷന്‍' [ഒരു വിവരവും ഇല്ല] എന്ന് അവളുടെ മുഖ ഭാവത്തില്‍ നിന്ന് തന്നെ മനസ്സിലായി.

മഹാത്മാ ഗാന്ധിയെ പറ്റിയോ, ബൈബിളിലോ.... പാസ്റ്റര്‍ എടുത്ത്‌ ചോദിച്ചു.

അതെ മഹാത്മാ ഗാന്ധി തന്നെ... നമ്മുടെ ഫാദര്‍ ഓഫ്‌ ദി നേഷനേ എന്ന് പറഞ്ഞപ്പോള്‍ തന്നെ ഒരു കുടം തുപ്പല്‍ എന്റെ മുഖത്തേക്ക്‌ തെറിച്ചു. തുപ്പല്‍ അല്ലായിരുന്നു സത്യത്തില്‍ അത്‌, മുഴുവന്‍ തനി സ്പിരിറ്റ്‌. ഏതായാലും മുഖത്ത്‌ തെറിച്ചത്‌ അത്രയും ഞാന്‍ തുടച്ചു മാറ്റി. ദൈവമേ ഇത്‌ അറിഞ്ഞിരുന്നെങ്കില്‍ ഞാന്‍ നേരത്തെ തന്നെ ഒരു വൈപ്പര്‍ ഫിറ്റ്‌ ചെയ്തേനെ എന്ന് ഭാര്യയോടു സ്വകാര്യമായി പറഞ്ഞു.

പാസ്റ്റര്‍:- ഒരു കരണത്ത്‌ അടിച്ചവനു മറു കരണം കൂടി കാട്ടി കൊടുത്ത്‌ ക്രിസ്തുവിന്റെ ശരിയായ അനുയായി ആയി മാറിയ മഹാത്മാ ഗാന്ധി. അതിനുമപ്പുറം ഗാന്ധിജിയെ പറ്റി ബൈബിളില്‍ എങ്ങും പരാമര്‍ശിച്ചിട്ടില്ല. ഇനി പ്രവചന പുസ്തകത്തിലോ മറ്റോ സൂചനകള്‍ ഉണ്ടെങ്കില്‍ അത്‌ എനിക്ക്‌ അറിയില്ല. എന്റെ അറിവില്‍ ഇത്ര മാത്രമേ ഉള്ളു.

പാമ്പ്‌:- ഗാന്ധിജിയെ പറ്റി സൂചനയല്ല; പേരെടുത്ത്‌ പറഞ്ഞിട്ടുണ്ട്‌. അറിയാമോ, അറിയത്തില്ലയോ? ആഹ, ഞാന്‍ വെള്ളം അടിക്കും. പക്ഷെ ബൈബിള്‍ വായിക്കുമ്പോള്‍ നമ്മള്‍ അതില്‍ ശ്രദ്ധിക്കും. അല്ലാതെ ആര്‍ക്കാണ്ടും വേണ്ടി വായിക്കാറില്ല.

പാമ്പ്‌ വാചാലനായി. പാസ്റ്റര്‍ വിഷണ്ണനായി. ഞങ്ങള്‍ ആകാംക്ഷാകുലരായി.

അപ്പോള്‍ തോറ്റോ, പാസ്റ്ററേ? പാമ്പ്‌ ചോദിച്ചു.

പാസ്റ്ററിന്റെ ബൈബിള്‍ ഇങ്ങു തന്നേ....

പാമ്പ്‌ ബൈബിള്‍ തുറന്നു, എന്നിട്ട്‌ അതിന്റെ ആദ്യത്തെ പേജ്‌ തുറന്ന് ഞങ്ങളെ എല്ലാവരെയും കാട്ടി, കണ്ടോ... ബൈബിള്‍ സൊസൈറ്റി ഓഫ്‌ ഇന്ത്യാ, 206 മഹാത്മാ ഗാന്ധി റോഡ്‌, ബാംഗ്ലൂര്‍-560 001. കണ്ടോ ഒന്നാം പേജില്‍ കിടക്കുന്ന മഹാത്മാ ഗാന്ധിയെ കണ്ടിട്ടില്ല, പിന്നാ ആര്‍ക്കും മനസ്സില്ലാകാത്ത പ്രവചനം വായിച്ച്‌ മനസ്സിലാക്കുന്നതു.....

പാസ്റ്ററിന്റെ ചുളുങ്ങിയ മുഖം കാര്യമാക്കാതെ തന്നെ ഞങ്ങള്‍ ആത്മാര്‍ത്ഥമായി ചിരിച്ചു. അപ്പോഴെയ്ക്കും നമ്മുടെ പാമ്പ്‌ അശ്വമേധം അവതരിപ്പിക്കുന്ന പ്രദീപിന്റെ ഗമയില്‍ സീറ്റില്‍ ഒന്ന് ഞെളിഞ്ഞ്‌ ഇരുന്നു.

എന്റെ ദൈവമേ!!! തിരുവനന്തപുരത്ത്‌ എത്തിയത്‌ അറിഞ്ഞതേയില്ല. ഇനി ശേഷം യാത്രയില്‍ പാസ്റ്റര്‍ ‘രക്ഷപ്പെട്ടോ’, അതോ പാമ്പ്‌ ‘രക്ഷിക്കപ്പെട്ടോ’ എന്ന് അറിയില്ല. ഏതായാലും ഞങ്ങള്‍ രക്ഷപ്പെട്ടു.

പാസ്റ്ററിന്റെ കാര്യം............................... ജിങ്കാലാലാ!!
Share this article :