Home » » മാലാഖയുടെ അഭിവാദനത്തിന്റെ മനോഹാരിത

മാലാഖയുടെ അഭിവാദനത്തിന്റെ മനോഹാരിത

ദൈവത്തിന്റെ പ്രതാപത്തോളം മഹത്തും മനുഷ്യന്റെ പാപാവസ്ഥയോളം ഹീനവുമായ മറ്റൊന്നുമില്ലെങ്കിലും സര്‍വശക്തനായ ദൈവം നമ്മുടെ നിസ്സാര പ്രാര്‍ഥനകള്‍ തള്ളിക്കളയുന്നില്ല. നേരെ മറിച്ച്, നാം അവിടുത്തെ സ്തുതികള്‍ ആലപിക്കുമ്പോള്‍ അവിടുന്ന് സംപ്രീതനാകുന്നു. അത്യുന്നതന്റെ സ്തുതിക്കായി നമുക്കു പാടാന്‍ സാധിക്കുന്നതില്‍ ഏറ്റവും മനോഹരമായ കീര്‍ത്തനങ്ങളിലൊന്ന് പരിശുദ്ധ മാതാവിനോടുള്ള വി.ഗബ്രിയേലിന്റെ ഈ അഭിവാദനമാണ്. "ദൈവമേ, ഞാന്‍ അങ്ങേയ്ക്ക് ഒരു പുതിയ കീര്‍ത്തനം പാടും" (സങ്കീ: 144.9). മിശിഹായുടെ ആഗമനത്തില്‍ ആലപിക്കപ്പെടുമെന്ന് ദാവീദ് പ്രവചിച്ച ഈ പുതിയ കീര്‍ത്തനം വി.ഗബ്രിയേലിന്റെ അഭിവാദനമല്ലാതെ മറ്റൊന്നുമല്ല. ഒരു പഴയ കീര്‍ത്തനവും ഒരു പുതിയ കീര്‍ത്തനവുമുണ്ട്. പഴയ കീര്‍ത്തനം, തങ്ങളെ സൃഷ്ടിച്ചു നിലനിര്‍ത്തി പരിപാലിക്കുന്നതിനും അടിമത്തത്തില്‍ നിന്നു രക്ഷിക്കുന്നതിനും ചെങ്കടലിലൂടെ സുരക്ഷിതരായി നയിക്കുന്നതിനും രക്ഷിക്കുവാന്‍ മന്ന നല്‍കുന്നതിനും അവിടുത്തെ മറ്റെല്ലാ അനുഗ്രഹങ്ങള്‍ക്കും ദൈവത്തോടുള്ള നന്ദിയാല്‍ നിറഞ്ഞ് യഹൂദന്മാര്‍ പാടിയതാണ്. പുതിയ കീര്‍ത്തനമാകട്ടെ, ദൈവത്തിന്റെ മനുഷ്യാവതാരത്തിന്റെയും പരിത്രാണകര്‍മ്മത്തിന്റെയും കൃപകള്‍ക്കു നന്ദി പറഞ്ഞുകൊണ്ട് ക്രിസ്ത്യാനികള്‍ പാടുന്നതാണ്. അത്യന്തം അതിശയകരമായ ഈ കാര്യങ്ങള്‍ സംഭവ്യമാക്കിയത് മാലാഖയുടെ അഭിവാദനമാകയാല്‍, പരിശുദ്ധ ത്രിത്വം നമുക്കു നല്‍കിയ അളവറ്റ നന്മകള്‍ക്കു നന്ദി പറയുവാന്‍ അതേ അഭിവാദനം തന്നെ നാമും ആവര്‍ത്തിക്കുന്നു. ഈ പുതിയ കീര്‍ത്തനം ദൈവമാതാവിന്റെ സ്തുതിക്കായുള്ളതാണെങ്കിലും പരിശുദ്ധ ത്രിത്വത്തെയും അത് ശ്രേഷ്ഠമാംവിധം മഹത്വപ്പെടുത്തുന്നുണ്ട്. കാരണം, നാം പരിശുദ്ധ അമ്മയ്ക്ക് അര്‍പ്പിക്കുന്ന ഏതൊരു അഞ്ജലിയും തീര്‍ച്ചയായും പരിശുദ്ധ മാതാവിന്റെ സകല നന്മകളുടെയും പൂര്‍ണ്ണതകളുടെയും കാരണമായ ദൈവത്തിങ്കലേയ്ക്ക് എത്തിച്ചേരും. പരിശുദ്ധ മാതാവിനെ നാം ബഹുമാനിക്കുമ്പോള്‍ പിതാവായ ദൈവം മഹത്വപ്പെടും. കാരണം, അവിടുത്തെ സൃഷ്ടികളില്‍ ഏറ്റം പൂര്‍ണ്ണമായതിനെയാണ് നാം ആദരിക്കുന്നത്. പുത്രനായ ദൈവവും മഹത്വപ്പെടും. കാരണം, അവിടുത്തെ എത്രയും പരിശുദ്ധയായ അമ്മയെയാണ് നാം സ്തുതിക്കുന്നത്. പരിശുദ്ധാത്മാവായ ദൈവവും മഹത്വപ്പെടും. കാരണം, അവിടുന്ന് തന്റെ മണവാട്ടിയില്‍ ചൊരിഞ്ഞ കൃപകളെ നാം പുകഴ്ത്തുകയാണ്. മാലാഖയുടെ അഭിവാദനം ചൊല്ലിക്കൊണ്ട്‌ നാം പരിശുദ്ധ അമ്മയെ സ്തുതിക്കുമ്പോള്‍, വി.എലിസബത്ത് മാതാവിനെ സ്തുതിച്ചപ്പോള്‍ എന്നപോലെ പരിശുദ്ധ അമ്മ അത് സര്‍വശക്തനായ ദൈവത്തിനു കൈമാറുന്നു. എലിസബത്ത്, മറിയത്തെ "ദൈവമാതാവ്" എന്ന ഏറ്റം ഉന്നതമായ പദവി നല്‍കിക്കൊണ്ടാണ് പ്രകീര്‍ത്തിച്ചത്. പരിശുദ്ധ അമ്മ ഉടനെ ഈ സ്തുതികളെ മനോഹരമായ സ്തോത്രഗീതത്തിലൂടെ ദൈവത്തിനു തിരിച്ചുനല്‍കി. മാലാഖയുടെ അഭിവാദനം പരിശുദ്ധ ത്രിത്വത്തിനു മഹത്വം നല്‍കുന്നതുപോലെ നമുക്ക് നമ്മുടെ പരിശുദ്ധ അമ്മയ്ക്കു നല്‍കാനാകുന്ന അത്യുന്നതമായ സ്തുതിയും കൂടെയാണത്.
Share this article :