ആഘാതങ്ങള്‍ഓര്‍മ്മപ്പെടുത്തലുകളിലേക്കും,തിരുത്തലുകളിലേക്കും, തിരിച്ചറിവുകളിലേക്കും, തിരിച്ചുവരവിലേക്കും, നമ്മെ നയിക്കണം. ആഘാതങ്ങളുടെ വീഴ്ചയില്‍ നിന്നും പാഠം പഠിച്ച് വീണ്ടും കരുത്താര്‍ജ്ജിക്കാന്‍ പരിശ്രമിക്കുന്നവനെ ജീവിതത്തില്‍ വിജയം വരിക്കാന്‍ സാധിക്കു. ഗോലിയാത്തെന്ന ഫിലിസ്ത്യ പോരാളി നല്‍കിയ ആഘാതം ദാവിദ് എന്ന ഇടയബാലനെ ഇസ്രായേലിലെ അതിപ്രശസ്തനായ രാജാവാക്കി. സിംഹക്കുഴി നല്‍കിയ ആഘാതത്തെ തരണം ചെയ്ത ദാനിയേല്‍ ദൈവമഹത്വം കൊണ്ട് പ്രശസ്തനായി. സമ്പന്നതയുടെ മടിത്തട്ടില്‍ നിന്നും പന്നിക്കുഴിയിലേക്കധപതിച്ച ധൂര്‍ത്തപുത്രന് ഭക്ഷണമായി നല്‍കപ്പെട്ട തവിടു നല്‍കിയ ആഘാതം, അവന് അപ്പന്‍റെ ഭവനത്തിലേക്ക് തിരിച്ചുപോകാനുള്ള കരുത്തു നല്‍കി. പരാജയങ്ങളെ വിജയത്തിന്‍റെ ചവിട്ടുപടികളാക്കാന്‍ നമുക്കു കഴിയണം. വീണിടം വിദ്യയാക്കി എഴുന്നേല്ക്കാന്‍ നമുക്കു കഴിയണം. ബലക്ഷയം വന്ന കൊക്കുകളും, നഖങ്ങളും, തൂവലുകളും, വലിച്ചെറിഞ്ഞ് പുതിയവ സ്വീകരിച്ച് വീണ്ടും ചിറകടിച്ചുയരുന്ന കഴുകനെപ്പോലെ, ദൈവത്തിലാശ്രയിച്ച്, ദൈവാത്മശക്തിയാല്‍ തകര്‍ച്ചകളെയും, തളര്‍ച്ചകളേയും തരണം ചെയ്യാന്‍ നമുക്കു കഴിയണം. "തളര്‍ന്നവന് അവന്‍ ബലം നല്‍കുന്നു.ദുര്‍ബലനു ശക്തി പകരുകയും ചെയ്യുന്നു. യുവാക്കള്‍ പോലും തളരുകയും ക്ഷിണിക്കുകയും ചെയ്തേക്കാം, ചെറുപ്പക്കാര്‍ ശക്തിയറ്റു വീഴാം. എന്നാല്‍ ദൈവത്തിലാശ്രയിക്കുന്നവന്‍ വീണ്ടും ശക്തി പ്രാപിക്കും. അവന്‍ കഴുകന്മാരേപ്പോലെ ചിറകടിച്ചുയരും അവര്‍ ഓടിയാലും ക്ഷിണിക്കുകയില്ല, നടന്നാല്‍ തളരുകയുമില്ല."(ഏശയ്യാ - 40:29-31).