"ലോകാവസാനം വരെ ഞാന്‍ നിങ്ങളുടെ കൂടെ ഉണ്ടായിരിക്കും" ആത്മീയതയുടെ ആഘോഷങ്ങൾ പള്ളികളിലും ധ്യാനകേന്ദ്രങ്ങളിലും മാത്രമാണന്ന് ധരിച്ചതാണ് നമ്മുടെ തെറ്റ്. അനുദിന ജീവിതാനുഭവങ്ങളെ അവിടുത്തെ സാന്നിധ്യത്താൽ ആഘോഷമാക്കാനാണ് അവിടുന്ന് വന്നത്. ഒരു സുഹൃത്തിനെപോലെ ഒപ്പമായിരിക്കാൻ, സുഖദുഃഖങ്ങൾ പങ്കുവയ്ക്കാൻ, തീരുമാനങ്ങളിൽ അവനോട് ആലോചന ചോദിക്കാൻ, സൗഹൃദങ്ങൾ പങ്കുവയ്ക്കാൻ ഒക്കെ അവൻ ആഗ്രഹിക്കുന്നു. മനുഷ്യരോടുകൂടെയായിരിക്കുന്നതാണ് തനിക്കേറ്റവും ഇഷ്ടമെന്ന് തിരുലിഖിതങ്ങളിലൂടെയും വിശുദ്ധാത്മാക്കൾക്കുള്ള വെളിപാടുകളിലൂടെയും അവിടുന്ന് എത്രയോ തവണ വ്യക്തമാക്കിയിട്ടുണ്ട്. തനിയെ ആകുന്ന നിമിഷങ്ങളിൽ ഓർക്കുക- അവൻ അടുത്തുണ്ട്. ചില ശൂന്യതകൾ അവന്റെ സ്വരം ശ്രവിക്കാൻ, ചില നൊമ്പരങ്ങൾ അവന്റെ സ്പർശനമേല്ക്കാൻ, ചില അവ്യക്തതകൾ അവനോട് ആലോചന ചോദിക്കാൻ അനുവദിക്കുന്നതാകാം. നിങ്ങളുടെ സ്വകാര്യദുഃഖങ്ങളിലേക്ക്, അടുക്കളയിലെ നെടുവീർപ്പുകളിലേക്ക്, ഭാര്യാഭർതൃബന്ധങ്ങളിലെ വിള്ളലുകളിലേക്ക്, കുടുംബബന്ധങ്ങളിലെ താളഭംഗങ്ങളിലേക്ക്, ജോലി ഭാരത്താൽ വലയുന്ന ഓഫീസുമുറികളിലേക്ക്, മടുപ്പിക്കുന്ന യാത്രകളിലേക്ക്, ക്ലേശകരങ്ങളായ അധ്വാനങ്ങളിലേക്ക്, പഠനഭാരത്താൽ തളർന്ന പഠനമേശകളിലേക്ക്... ഒരു കൂട്ടുകാരനായി അവിടുത്തെ ക്ഷണിക്കൂ... ഒരുപാട് സ്‌നേഹത്തോടെ അവൻ കടന്നുവരും. നിങ്ങളുടെ ഭാരങ്ങൾ ചുമലിലേറ്റും. കാരണം, അവൻ സ്‌നേഹമാണ്. ആ സ്‌നേഹത്തിന് ഒരൊറ്റ ആഗ്രഹമേയുള്ളൂ- തന്റെ സ്‌നേഹം മുഴുവൻ മനുഷ്യരിലേക്കൊഴുക്കണം. എന്നിട്ട് അവരെയും സ്‌നേഹമാക്കി മാറ്റണം. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.