കഫര്‍ണാമിലെ പത്രോസിന്റെ ഭവനം നിന്നിരുന്നിടത്ത് ഇന്ന് മനോഹരമായൊരു ദേവാലയമാണുള്ളത്. പത്രോസിന്റെ അമ്മായിയമ്മ പനി ബാധിച്ചു കിടന്നിരുന്നതും യേശു ആ ഭവനത്തിലെത്തി പനിയെ ശാസിച്ച് അവളെ സുഖപ്പെടുത്തിയതും ഗൈഡ് വിശദീകരിച്ചു തന്നിരുന്നു.
ബസിനുള്ളില്‍ കയറിയിരുന്നപ്പോള്‍ തീര്‍ത്ഥാടകരിലൊരാള്‍ക്ക് ചെറിയൊരു സംശയം. അദ്ദേഹം അടുത്തിരുന്ന വ്യക്തിയോട് ഇപ്രകാരം ചോദിച്ചു:
``അല്ലാ, ഈ പത്രോസിന്റെ അമ്മായിയമ്മയുടെ കാര്യം മാത്രമാണല്ലോ ബൈബിളിലുള്ളത്. എന്തുകൊണ്ടാ അമ്മായിയപ്പനെക്കുറിച്ച് ഒന്നും പറയാതിരുന്നത്?''
മറുപടി പെട്ടെന്നായിരുന്നു. ``അതേ, പത്രോസിന്റെ അമ്മായിയപ്പന് പനിയൊന്നും പിടിച്ചില്ല. അതുകൊണ്ടാ അദ്ദേഹത്തെക്കുറിച്ച് ഒന്നും പറയാതിരുന്നത്.'' ചിന്തോദ്ദീപകമായ ആ ഉത്ത രം കേട്ട് ഞാനൊത്തിരി ചിരിച്ചു.
പത്രോസിന്റെ അമ്മായിയമ്മ പനി ബാധിച്ചു കിടപ്പിലായിരുന്നതുകൊണ്ടാണ് യേശുവിന്റെ സൗഖ്യം സ്വീകരിക്കാനും അത് ബൈബിളില്‍ രേഖപ്പെടുത്താനും ഇടയായത്. ആരോഗ്യമുള്ള ഒരു വ്യക്തിക്ക് സൗഖ്യം ആവശ്യമില്ല. അതിനാല്‍ രേഖപ്പെടുത്തത്തക്ക ഒന്നും അവിടെ സംഭവിച്ചില്ല. ലാസര്‍ രോഗംവന്ന് മരിച്ചതുകൊണ്ടാണ് യേശുവിനാല്‍ ഉയിര്‍പ്പിക്കപ്പെട്ടതും ബൈബിളിലെ ശ്രദ്ധേയ കഥാപാത്രമായി മാറിയതും. രാത്രി മുഴുവനും അധ്വാനിച്ചിട്ടും മത്സ്യങ്ങളൊന്നും കിട്ടാതെ വന്നതുകൊണ്ടാണ് യേശുവിന്റെ ശക്തിയാല്‍ അത്ഭുതകരമായ മീന്‍ പിടുത്തം അപ്പസ്‌തോലന്മാരുടെ ജീവിതത്തില്‍ അരങ്ങേറിയത്. ആ പ്രദേശം വിജനവും ജനം ക്ഷീണിതരും ആയിരുന്നതുകൊണ്ടാണ് യേശു അപ്പം വര്‍ധിപ്പിച്ച അത്ഭുതം ജനങ്ങള്‍ അനുഭവിച്ചറിഞ്ഞത്.
രോഗങ്ങളും ഇല്ലായ്‌മകളും പരാജയങ്ങളും ദൈവത്തിന്റെ ശക്തി വെളിപ്പെടുവാനുള്ള അവസരങ്ങളാണ്. പ്രശ്‌നങ്ങളും പ്രതികൂലങ്ങളും ഇല്ലാത്ത ജീവിതത്തില്‍ ദൈവത്തിന്റെ പ്രത്യേ ക ഇടപെടലുകളുടെ ആവശ്യം ഉണ്ടാകാറില്ല. വിരസവും ശൂന്യവുമായ ഒന്നായി അത്തരം ജീവിതങ്ങള്‍ മാറാം. എന്നാല്‍, ദൈവത്തിന്റെ ഇടപെടലുകള്‍ കടന്നുവരാന്‍ മനുഷ്യന്റെ നിസ്സഹായതയും ദുരിതങ്ങളും കാരണമാകും. അതുവഴി ജീവിതം കൂടുതല്‍ മഹത്വമുള്ളതായിത്തീ രുകയും ചെയ്യും. അതിനാല്‍ എല്ലാ പ്രശ്‌നങ്ങളെയും പ്രതിബന്ധങ്ങളെയും ദൈവത്തിനു കടന്നുവരാനുള്ള വഴികളായി നാം കാണണം. പ്രശ്‌നങ്ങളെ നാം ഭയപ്പെടരുത്. പ്രശ്‌നങ്ങളില്ലാത്ത ജീവിതത്തിനുവേണ്ടി ആഗ്രഹിക്കുകയും ചെയ്യരുത്.
പ്രാര്‍ത്ഥന
കര്‍ത്താവേ, എന്റെ ജീവിതസാഹചര്യങ്ങളെ യും പ്രശ്‌നങ്ങളെയും ഓര്‍ത്ത് ഞാനങ്ങേക്ക് നന്ദി പറയുന്നു. അങ്ങയുടെ ശക്തിയും സ്‌നേ ഹവും വെളിപ്പെടാനുള്ള മാര്‍ഗങ്ങളായി അവ മാറട്ടെ. എന്റെ നിസ്സഹായതയില്‍ അങ്ങയുടെ കരുത്തും എന്റെ വേദനകളില്‍ അങ്ങയുടെ സൗഖ്യവും എന്റെ ദാരിദ്ര്യത്തില്‍ അങ്ങയുടെ സമ്പന്നതയും ഞാന്‍ ദര്‍ശിക്കട്ടെ. ആമ്മേന്‍.