Home » » പൂജക്ക്‌ മുന്‍പ് പൂച്ചയെ കെട്ടിയിടണം!

പൂജക്ക്‌ മുന്‍പ് പൂച്ചയെ കെട്ടിയിടണം!

ഒരിടത്തൊരിടത്ത് ഒരു പൂജാരിയുണ്ടായിരുന്നു. തന്റെ വീട്ടില്‍ ഒരു കാരണവശാലും പൂജ മുടങ്ങരുത്‌ എന്ന് അദ്ദേഹത്തിന് നിര്‍ബന്ധമുണ്ടായിരുന്നു. എന്നാല്‍ പൂജ തുടങ്ങി കുറച്ചു കഴിയുമ്പോഴേക്കും വീട്ടിലെ കള്ളിപ്പൂച്ച പൂജ മുടക്കും. അത് എങ്ങനെയാണെന്നല്ലേ, പറയാം. പൂജാരി പൂജയ്ക്കായി നെയ്യ്, പാല്‍, പഴം തുടങ്ങിയവയൊക്കെയാണ് തയ്യാറാക്കി വയ്ക്കുക. ഭക്തിയുടെ നിറവില്‍ പൂജാരി കണ്ണുമടച്ച് മണി കിലുക്കുന്ന തക്കംനോക്കി കള്ളിപ്പൂച്ച പൂജാമുറിയില്‍ കടന്ന് നെയ്യും പാലും ഒക്കെ അകത്താക്കും.ഇതുകണ്ട് പൂജാരി കള്ളിപ്പൂച്ചയെ ഓടിപ്പിക്കാന്‍ ബഹളം കൂട്ടും. അതോടെ അന്നത്തെ പൂജ മുടങ്ങും. കള്ളിപ്പൂച്ചയുടെ ഈ ശല്യം എന്നും തുടര്‍ന്നപ്പോള്‍ ഒരു ദിവസം പൂജാരി തന്റെ മകനെ വിളിച്ച് പറഞ്ഞു: ഈ പൂച്ചയെ കൊണ്ടുപോയി പുളിമരത്തില്‍ കെട്ടിയിടൂ. ഇനി എന്നും പൂജക്കുമുന്പ് പൂച്ചയെ പുളിമരത്തില്‍ കെട്ടിയിടണം. എങ്കിലേ പൂജ ഫലപ്രദമാകയുള്ളൂ. അച്ഛന്റെ വാക്ക് കേട്ട് മകന്‍ എന്നും പൂജക്ക്‌ മുന്പ് പൂച്ചയെ പുളിമരത്തില്‍ കെട്ടിയിടുക പതിവാക്കി. ഒരു പൂച്ച ചത്താലും പിന്നെയും കാണും വീട്ടില്‍ വേറെ പൂച്ച. നാളുകള്‍ പലതുകഴിഞ്ഞു. അച്ഛന്‍ പൂജാരിക്ക് വയസ്സായി. പൂജ ചെയ്യാനുള്ള ആരോഗ്യം ഇല്ലാതായി. അച്ഛന്റെ ആ കര്‍മ്മം മകന്‍ ഏറ്റെടുത്ത് സ്വയം ചെയ്യാന്‍ തുടങ്ങി. അപ്പോഴും പൂജക്ക്‌ മുന്‍പ് പൂച്ചയെ പുളിമരത്തില്‍ കെട്ടിയിടാന്‍ മകന്‍ മറക്കാറില്ല. അച്ഛന്‍ പൂജാരിയുടെ കാലശേഷം കുറച്ചു കഴിഞ്ഞപ്പോള്‍ വീട്ടില്‍ ഉണ്ടായിരുന്ന അവസാനത്തെ പൂച്ചയും ചത്തു. മകന്‍ പൂജാരിക്ക് ആകെ വിഷമമായി. ഇനി പൂജ എങ്ങനെ നടത്തും? ഇതായിരുന്നു അദ്ദേഹത്തിന്റെ ചിന്ത. അങ്ങനെ, അദ്ദേഹം അടുത്തുള്ള വീട്ടില്‍ പോയി അവിടത്തെ പൂച്ചയെ കുറച്ചുനേരത്തേക്ക് ഒന്ന് തരാമോ എന്ന് ചോദിച്ചു. പൂച്ചയെ എന്തിനാണെന്ന് അവര്‍ ചോദിച്ചപ്പോള്‍ മകന്‍ പൂജാരി പറഞ്ഞു: പൂജ നടത്താനാണ്. പൂജക്ക്‌ മുന്‍പ് പൂച്ചയെ പുളിമരത്തില്‍ കെട്ടിയിടുന്ന ഒരു ചടങ്ങുണ്ട്. എങ്കിലേ പൂജ ഫലപ്രദമാകുകയുള്ളൂ എന്ന് അച്ഛന്‍ പറഞ്ഞിട്ടുണ്ട്. ഇത്രയും കാലം അത് തെറ്റാതെ ചെയ്തുപോന്നിട്ടുണ്ട്. അതുകൊണ്ട്.....പ്ലീസ്... ഇതുകേട്ടപ്പോള്‍ അയല്‍വാസിക്ക്‌ ചിരി അടക്കാനായില്ലെങ്കിലും തല്‍ക്കാലം അത് പുറത്തുകാണിക്കാതെ തന്റെ പൂച്ചയെ പൂജ നടത്താന്‍ പൂജാരിക്ക് കൊടുത്തു. സ്നേഹിതരേ, നമ്മളില്‍ പലരും ഈ മകന്‍ പൂജാരിയെപ്പോലെയല്ലേ പലപ്പോഴും ചിന്തിക്കുന്നതും പ്രവര്‍ത്തിക്കുന്നതും എല്ലാം? നമ്മുടെ മുന്‍തലമുറക്കാര്‍ പറഞ്ഞതും പ്രവര്‍ത്തിച്ചതുമായ പല കാര്യങ്ങളും അതേപടി നമ്മള്‍ ആവര്‍ത്തിക്കുന്നു. അതിലെ ന്യായാന്യായങ്ങള്‍ ഒന്നും ചിന്തിക്കുന്നേയില്ല. എന്തിനാണ് "അത്" ചെയ്യുന്നത് എന്ന് ആരെങ്കിലും ചോദിച്ചാല്‍ വാ പൊളിച്ചു നില്‍ക്കാനല്ലാതെ വ്യക്തവും യുക്തവുമായ ഒരു മറുപടി കൊടുക്കാന്‍ പലര്‍ക്കും കഴിയാറില്ല എന്നതല്ലേ സത്യം? "എല്ലാവരും ചെയ്യുന്നു, അതുകൊണ്ട് ഞാനും ചെയ്യുന്നു" പലരുടേയും ഉത്തരം ഇങ്ങനെയായിരിക്കും. ആയതിനാല്‍ ഇനിമുതല്‍ക്കെങ്കിലും നമ്മുടെ ചിന്തകളുടേയും പ്രവര്‍ത്തികളുടേയും സത്യം കണ്ടെത്തി അതിനനുസൃതം മുന്നോട്ടുപോകാന്‍ ശ്രമിക്കാം.
Share this article :