ഏതു കൊടിയ വേനലിലും കനത്തു പെയ്യുന്ന കർക്കിടകമഴയിലും സജീവസാന്നിധ്യമായിരുന്നു ശമുവേൽ ഉപദേശി; നരച്ചു തുടങ്ങിയ കാലൻകുടയും പിഞ്ചിത്തുന്നിയ വെളുത്ത ജുബയും പഴകിയ ഒരു സത്യവേദപുസ്തകവും കക്ഷത്തിലുണ്ടാവും. ബാലനെന്നും യുവാവെന്നും വൃദ്ധനെന്നുമുള്ള വേർതിരിവൊന്നുമില്ല ഉപദേശിക്ക്. ആരെയെങ്കിലും കണ്ടാൽ ഉടൻ ആരംഭിക്കുകയായി വചനപ്രഘോഷണം.
ശമുവേൽ ഉപദേശിയെ കാണാതിരിക്കാൻ വഴിമാറി നടക്കുന്നവരാണ് കൂടുതലും. ആരെങ്കിലും മുന്നിൽപ്പെട്ടുപോയാൽ എന്തെങ്കിലും പറയാതെ വിടാറുമില്ല അദ്ദേഹം. ശമുവേൽ ഉപദേശി എന്ന 'വൈതരണി'യിൽ ഇറങ്ങി നടക്കാതെ ചില പ്രഭാതങ്ങളിൽ എനിക്ക് സ്‌കൂളിലെത്താനാവുമായിരുന്നില്ലെന്നതാണ് വാസ്തവം. സുറിയാനി കത്തോലിക്കർക്ക് ഭൂരിപക്ഷമുള്ള നാടാണ് ഞങ്ങളുടെ ഓണംകേറാമൂല. തോമാശ്ലീഹായെ കൊന്തയും വെന്തിങ്ങയുമിട്ട് സ്വീകരിച്ചുവെന്ന് അവകാശപ്പെടുന്ന സത്യക്രിസ്ത്യാനികളുടെ കൂട്ടം. അവിടെ ശരിക്കുമൊരു അധികപ്പറ്റായിരുന്നു ശമുവേൽ ഉപദേശി.
കാരണങ്ങൾ രണ്ടാണ്; അധഃസ്ഥിത വിഭാഗത്തിൽനിന്നുള്ളയാളാണ് അദ്ദേഹം. സർക്കാർ ഭാഷയിൽ പറഞ്ഞാൽ പരിവർത്തിത ക്രൈസ്തവൻ. അതുകൊണ്ടുതന്നെ സുറിയാനി കത്തോലിക്കരുടെ 'വംശമഹിമ'യ്ക്കു മുന്നിൽ ശമുവേലിന്റെ സ്ഥാനം തീണ്ടാപ്പാട് അകലെമാത്രം. രണ്ടാമത്തെ കാരണം, ശമുവേൽ ഉപദേശി പറയുന്നതത്രയും സത്യക്രിസ്ത്യാനികൾക്ക് രുചിക്കാത്ത കാര്യങ്ങളും.
ഒരു കർക്കിടകപ്പാതിയിൽ നനഞ്ഞു കുതിർന്നുവന്ന നാലാം ക്ലാസുകാരന് മുന്നിൽ നിറഞ്ഞൊഴുകുകയായിരുന്നു നാട്ടിൻപുറത്തെ ചെറുതോട്. അക്കരയെത്തണമെങ്കിൽ തോട് കടന്നേ പറ്റൂ. അന്നും ഇന്നും നടപ്പിൽ പിന്നോക്കമാണ് ഞാൻ. മെല്ലെ നടന്നുപോവുന്നവനെ വഴിയിലുപേക്ഷിച്ച് വേഗതയുള്ളവർ കടന്നുപോകുന്നത് നാട്ടുനടപ്പാണല്ലോ. അങ്ങനെയാണ് അന്നും സംഭവിച്ചത്. പുസ്തകസഞ്ചി നെഞ്ചിലമർത്തി, ഒരു കൈയിൽ കുടയുമായി തോട്ടിലേക്കിറങ്ങാൻ തുനിഞ്ഞ എന്നെ എവിടെനിന്നോ ഒരു കരം പിന്നോട്ടു പിടിച്ചുവലിച്ചു. തിരിഞ്ഞുനോക്കുമ്പോൾ ശമുവേൽ ഉപദേശി. ഒന്നും പറയാതെ എന്നെ പൊക്കിയെടുത്ത് തോളിലിരുത്തി അദ്ദേഹം തോട്ടിലേക്കിറങ്ങി. അരയോളം ഉയർന്ന, കലങ്ങിയ വെള്ളത്തിൽ ഉപദേശിപോലും അല്പമൊന്നു പതറിയെന്നു തോന്നി. തോടുകടന്നു കഴിഞ്ഞിട്ടും ഉപദേ ശി എന്റെയൊപ്പം വന്നു; ഒരക്ഷരംപോലും ഉരിയാടാതെ. ശമുവേൽ ഉപദേശിയെ സംസാരിക്കാതെ കാണുന്ന ആദ്യ അവസരമായിരുന്നു അത്.
പലയിടത്തും ഉരുൾപൊട്ടിയ ഒരു ദിവസമായിരുന്നു അത്. അന്നു തോട്ടിലിറങ്ങിയിരുന്നുവെങ്കിൽ ഇന്ന് ഇതെഴുതാൻ ഞാൻ അവശേഷിക്കുകയില്ലായിരുന്നുവെന്ന് തീർച്ച. പിന്നെപ്പിന്നെ ശമുവേൽ ഉപദേശി ഞങ്ങളുടെ ഗ്രാമത്തിൽനിന്ന് മാഞ്ഞുതുടങ്ങി. അതോ, മുതിർന്ന ക്ലാസുകളിലെ വിദ്യാഭ്യാസത്തിനായി ഞാൻ ഗ്രാമം വിട്ടതുകൊണ്ടു കാണാത്തതുമാവാം. ശമുവേൽ ഉപദേശിയെ ഇപ്പോൾ മുപ്പതിലേറെ വർഷങ്ങൾക്കുശേഷം ഓർമിക്കാനുള്ള കാരണം ബൈജുവാണ്.
നോട്ടിംഗ്ഹാമിലുള്ള എന്റെ സുഹൃത്ത്. നോട്ടിംഗ്ഹാം യൂണിവേഴ്‌സിറ്റിയിൽ ഞാൻ പഠിക്കാനെത്തിയ കാലം മുതൽ എനിക്ക് ബൈജുവിനെ അറിയാം.
ഈയിടെ ഒരു വൈകുന്നേരം ബൈജു എന്നെ വിളിച്ചു.
'പ്രെയ്‌സ് ദി ലോർഡ്, ബ്രദർ ശാന്തിമോൻ...'
അറിയാതെ ഞാനും പറഞ്ഞു: 'പ്രെയ്‌സ് ദി ലോർഡ്.' ''ആളു വലിയ ഉപദേശിയായി എന്നു കേട്ടല്ലോ?'' - ബൈജുവിന് സംശയം. എന്റെ തലയ്ക്കുള്ളിലെ ട്യൂബ്‌ലൈറ്റ് മിന്നി. ലണ്ടനിലെ ഒരു കൊച്ചു പ്രയർഗ്രൂപ്പംഗങ്ങൾ മറ്റാരെയും കിട്ടാതെ വന്നപ്പോൾ വചനം പറയാൻ കണ്ടെത്തിയതായിരുന്നു എന്നെ. അവിടെനിന്ന് മടങ്ങിയെത്തിയപാടെയാണ് ബൈജുവിന്റെ വിളി. ഞാനപ്പോൾ സത്യമായും ശമുവേൽ ഉപദേശിയെ ഓർത്തു; ഉപദേശിയുടെ പഴകി പിഞ്ചിയ വസ്ത്രവും ബൈബിളും പിന്നെ ആ കർക്കിടകമഴയിൽ നിറഞ്ഞൊഴുകുന്ന കൈത്തോടും. 'കരിസ്മാറ്റിക്കുകാരെ കല്ലെറിഞ്ഞു കൊല്ലണം' എന്നു കരുതിയിരുന്ന ഒരു കാലമുണ്ടായിരുന്നു എന്റെ ജീവിതത്തിൽ. ദൈവത്തിന്റെ പേരിൽ 'അത്ഭുതം പ്രവർത്തിക്കുന്ന' എല്ലാവരും നാട്യക്കാരാണെന്ന് വിശ്വസിച്ചിരുന്ന നാളുകൾ. രോഗശാന്തികൾ വെറും 'സൈക്കോ സോമാറ്റിക് റിലീഫ്' ആണെന്ന് വിധിയെഴുതിയ തത്വചിന്തയുടെ കാലം.
ആ പഴയ വിപ്ലവ നാടകം ഓർമയില്ലേ: 'നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി...' പക്ഷേ, ഇവിടെ ഞാനല്പം പരിഷ്‌കരിച്ചു പറയുന്നു 'നിങ്ങളെന്നെ കരിസ്മാറ്റിക്കാക്കി...'
ആറുവർഷം മുൻപത്തെ ഒരു നവംബറിന്റെ പകൽ എനിക്ക് മറക്കാനാവില്ല. സങ്കടങ്ങളുടെ പെയ്തുതീരാത്ത ഒരു കാർമേഘപർവതം ഉള്ളിലൊതുക്കി നടന്ന നാളുകൾ. വേട്ടയാടുന്ന മുഖങ്ങൾക്കിടയിൽ സഹോദരങ്ങളെപ്പോലെ സ്‌നേഹിച്ച മുഖങ്ങളായിരുന്നു ഏറെയും.
ഇത്ര വിശ്വസനീയമായി ഒരു വ്യക്തിക്കെതിരെ നുണക്കഥകൾ പ്രചരിപ്പിക്കാം എന്നു ഞാൻ തിരിച്ചറിഞ്ഞതും അക്കാലത്തുതന്നെ. ഒരു കഥാപാത്രത്തെ ലഭിച്ചു കഴിഞ്ഞാൽ സ്വന്തം മനോധർമ്മനുസരിച്ച് കഥയെഴുതാനാണ് നമ്മിലേറെപ്പേർക്കും താല്പര്യം. 'ഇര'യോടു ചോദിച്ചിട്ടല്ലല്ലോ വേട്ടക്കാരൻ അമ്പെയ്യുന്നത്; കഴിവതും 'ഇര' അറിയാത്ത ഇടത്തുനിന്നാവും ആദ്യത്തെ അമ്പ് ലക്ഷ്യം തേടിയെത്തുന്നത്.
സത്യം, അക്കാലത്ത് എനിക്കാശ്രയം ബൈബിൾ മാത്രമായിരുന്നു; പണ്ടെന്നോ, അറു ബോറെന്നു പറഞ്ഞ് മാറ്റിവച്ച പുസ്തകം. അതൊരു ഇംഗ്ലീഷ് ബൈബിളായിരുന്നു. ആദ്യം തുറന്നതേ കണ്ണിൽപ്പെട്ടത് ഈ വചനങ്ങൾ: The mountains and hills may crumble,but my steadfast love for you will never end... (Isaiah 54:10) ''പർവതങ്ങളും കുന്നുകളും അകന്നുപോയേക്കാം. പക്ഷേ, എനിക്ക് നിന്നോടുള്ള സ്‌നേഹം അനന്തമാണ്.''
ഉലയിൽ ചുട്ടുപഴുപ്പിച്ച ആയുധം മാറ്റിപ്പണിയാറുണ്ട് വിദഗ്ധനായ ഇരുമ്പു പണിക്കാരൻ. ഇത്, മൂർച്ച കുറഞ്ഞ ഒരായുധമാണ് സുഹൃത്തേ. ഈ ആയുധംകൊണ്ട് ഇനിയാർക്കും മുറിവേല്ക്കാതിരിക്കാൻ ഞാൻ ബദ്ധശ്രദ്ധൻ. നവീകരണരംഗത്തുമുണ്ട് വെള്ളിനക്ഷത്രങ്ങളും തമോഗർത്തങ്ങളും. പക്ഷേ, വെള്ളിനക്ഷത്രങ്ങളാണ് എണ്ണത്തിലേറെയും എന്നതാണ് ആശ്വാസം; ഈ ആശ്വാസമാണ് മനുഷ്യന്റെ നന്മയിൽ വീണ്ടും വിശ്വസിക്കാൻ പ്രേരിപ്പിക്കുന്നതും.
(സോഫിയാ ബുക്‌സ് പ്രസിദ്ധീകരിച്ച 'ഗർഷോമുകളുടെ സുവിശേഷം'
എന്ന പുസ്തകത്തിൽനിന്ന്).

Written by ശാന്തിമോൻ ജേക്കബ്