Home » » സമയമാവുമ്പോ, നമ്മുടെ ഊഴമാവുമ്പോ ദൈവം നമുക്കു തരും.''

സമയമാവുമ്പോ, നമ്മുടെ ഊഴമാവുമ്പോ ദൈവം നമുക്കു തരും.''

ആ വീട്ടില്‍ ഭക്തിയും പ്രാര്‍ത്ഥനയും വേണ്ടുവോളം ഉണ്ടായിരുന്നു. ദാരിദ്യ്രത്തിനും കുറവുണ്ടായിരുന്നില്ല. മൂന്നുനേരവും കഞ്ഞി. ഞായറാഴ്ച മാത്രം ഉച്ചയ്ക്ക് ഊണ്. ജന്മദിനാഘോഷങ്ങള്‍ നടന്നിട്ടേയില്ല. ഒരുക്കാന്‍ വീട്ടില്‍ ഒന്നും ഉണ്ടായിരുന്നില്ല. കാനായിലെ വിരുന്നിന് വെള്ളം വീഞ്ഞാക്കിയവനാണ് യേശു. വിരുന്നു വേണ്ട. കുറച്ച് ആഹാരം മതി. അഞ്ചപ്പം കൊണ്ട് അയ്യായിരം പേരെ തീറ്റി തൃപ്തിപ്പെടുത്തിയ അവിടുന്ന് അഞ്ചാറുമക്കളുള്ള ഈ കുടുംബത്തോട് എന്തേ കനിവു കാട്ടുന്നില്ല? ഒരു ദിവസം മകന്‍ അമ്മയോടു ചോദിച്ചു: "അമ്മേ എന്നും നമ്മള്‍ ഒരുപാടു പ്രാര്‍ത്ഥനകള്‍ ചൊല്ലി അപേക്ഷിക്കുന്നു. അപ്പന്‍ നിത്യവും കുര്‍ബാന കാണാന്‍ പോകുന്നു. പുലര്‍ച്ചെ പ്രാര്‍ത്ഥന ചൊല്ലുന്നു. വണക്കമാസപ്രാര്‍ത്ഥനകള്‍ മുടക്കുന്നേയില്ല. തെറ്റാതെ നോമ്പുകള്‍ നോക്കുന്നു. എല്ലാമാസവും കുമ്പസാരിച്ച് കുര്‍ബാന കൈക്കൊള്ളുന്നു. കെടാവിളക്കില്‍ നേര്‍ച്ചയായി വെളിച്ചെണ്ണ കൊടുക്കുന്നു. ഇങ്ങനെ ഒക്കെ ആയിട്ടും എന്താണമ്മേ നമ്മുടെ പ്രാര്‍ത്ഥന ദൈവം കേള്‍ക്കാത്തത്? നമ്മുടെ ദാരിദ്യ്രം തീരാത്തത്? ഇതിന് നിരീശ്വരവാദികളും യുക്തിവാദികളും കടുത്ത മതവിശ്വാസികളും പുരോഹിതന്മാരും സാമൂഹികപ്രവര്‍ത്തകരും സാധാരണക്കാരും എന്തായിരിക്കും മറുപടി നല്‍കുക എന്നത് നമുക്ക് ഊഹിക്കാം. എന്നാല്‍ മക്കള്‍ക്കു വിശപ്പിനു വല്ലതും കൊടുക്കാന്‍ പാടുപെടുന്നവളും സ്വന്തമായി താമസിക്കാന്‍ ഒരു കുടിലുപോലും ഇല്ലാത്തവളും മൂന്നാം ക്ളാസിനപ്പുറം പഠിച്ചിട്ടില്ലാത്തവളും ആയ ഒരമ്മയുടെ മറുപടി കേട്ടാലും: "മോനേ നമ്മളെക്കാള്‍ ദാരിദ്യ്രവും കഷ്ടപ്പാടും ഉള്ളവര്‍ ഈ ഭൂമിയിലുണ്ടാവും. അവര്‍ക്കെല്ലാം ദൈവം കൊടുത്തുവരികയാണ്. സമയമാവുമ്പോ, നമ്മുടെ ഊഴമാവുമ്പോ ദൈവം നമുക്കു തരും.'' അമ്മയ്ക്ക് എന്റെ നമസ്കാരം. അമ്മയുടെ ഓര്‍മ്മയ്ക്കു മുമ്പില്‍ ഒരു നെയ്തിരി.
Share this article :