Home » » ദൈവസ്‌നേഹത്തിന്റെ അടയാളങ്ങൾ

ദൈവസ്‌നേഹത്തിന്റെ അടയാളങ്ങൾ


ദൈവസ്‌നേഹത്തിന്റെ അടയാളങ്ങൾ
മൂത്തമകനെ ഗർഭം ധരിച്ചിരിക്കുന്ന സമയത്താണ് എനിക്ക് സ്‌കൂളിൽ സ്ഥിരം ജോലി കിട്ടിയത്. അതുവരെയും ലീവ് വേക്കൻസികളിലായിരുന്നു ജോലി ചെയ്തിരുന്നത്. അതുകൊണ്ടുതന്നെ ഗർഭാരിഷ്ടതകളെല്ലാം മറന്ന് ഞാൻ ജോലിക്ക് പോയി. പൂർണ ഗർഭിണിയായിരുന്ന എനിക്ക് ബസ് യാത്ര അല്പം വിഷമം പിടിച്ച പണിയായിരുന്നു. ഒരു ദിവസം കഷ്ടപ്പെട്ട് ബസിൽ കയറി കമ്പിയിൽ പിടിച്ച് നില്ക്കാനൊരുമ്പെടുമ്പോൾ തൊട്ടടുത്ത സീറ്റിലിരുന്ന മറ്റൊരു സ്‌കൂളിലെ ടീച്ചർ എഴുന്നേറ്റിട്ട് പറഞ്ഞു. ''ദാ ഇവിടെ സീറ്റുണ്ട്. ഇവിടെ ഇരുന്നുകൊള്ളൂ.'' ഞാൻ അവർക്ക് നന്ദിപറഞ്ഞ് ആ സീറ്റിലിരുന്നു. ആ ദിവസം മാത്രമല്ല തുടർന്നുവന്ന ദിവസങ്ങളിലും ആ ടീച്ചർ എനിക്കുവേണ്ടി സീറ്റ് ഒഴിവായി തന്നുകൊണ്ടിരുന്നു. ഒരു ദിവസം ഞാൻ ആ ടീച്ചറിനോട് ചോദിച്ചു. ടീച്ചർ എനിക്കുവേണ്ടി ഒത്തിരി ത്യാഗം സഹിക്കുന്നുണ്ട് അല്ലേ? അപ്പോൾ ആ ടീച്ചർ പറഞ്ഞു. ''ഇത് ത്യാഗമൊന്നുമല്ല. ഞാനും രണ്ടു മക്കളുടെ അമ്മയാണ്. ഗർഭിണിയായിരുന്നപ്പോൾ ബസിൽ യാത്ര ചെയ്തിട്ടുണ്ട്. അതുകൊണ്ട് ടീച്ചറിന്റെ വിഷമം എനിക്കറിയാം. ആ സമയത്ത് പലരും എന്നെ സഹായിച്ചിട്ടുണ്ട്. അതിപ്പോൾ ഞാൻ ടീച്ചറിന് തിരിച്ചുതരുന്നു എന്നേയുള്ളൂ.''
ആ വാക്കുകൾ എന്നെ വളരെ സ്വാധീനിച്ചു. അവർക്കെന്നോട് അനുകമ്പ തോന്നാൻ പ്രേരിപ്പിച്ചത് അവർ ഗർഭാവസ്ഥയിൽ സഹിച്ച കഷ്ടപ്പാടുകളാണ്. കഷ്ടപ്പാടുകൾക്കൊരു ഗുണമുണ്ട് എന്നു ഞാൻ  മനസിലാക്കി. സഹിച്ചിട്ടുള്ളവർക്ക് കഷ്ടതകളിലൂടെ കടന്നുപോകുന്നവരെ തിരിച്ചറിയാനും അവരെ സഹായിക്കാനും കഴിയും. 

കർത്താവിന്റെ കരം പിടിച്ചു കഷ്ടതകളിലൂടെ മുൻപോട്ടു നീങ്ങുന്നവർക്ക് ക്രിസ്തുവിന്റെ സ്‌നേഹം മറ്റുള്ളവരിലേക്ക് ഒഴുക്കുവാനുള്ള ശക്തിയുണ്ട്. അതുകൊണ്ടാവണം ക്രിസ്തു തന്റെ പ്രിയപ്പെട്ട ശിഷ്യരെ അവരുടെ സുവിശേഷയാത്രയിൽ കഷ്ടതകളിലൂടെയും സഹനങ്ങളിലൂടെയും കടന്നുപോകാൻ അനുവദിച്ചത്. കഷ്ടത സഹിക്കാനുള്ള വിളി അവർക്കു നല്കുക മാത്രമല്ല അവിടുന്ന് ചെയ്തത്. ആഴമായ സമാശ്വാസത്തിന് ഉടമകളാകുവാൻ വേണ്ടി ഓരോ കഷ്ടതകളിലും അവിടുന്നവരെ ആശ്വസിപ്പിക്കുകയും ചെയ്തു.  പൗലോസ് ശ്ലീഹാ കോറിന്തോസുകാർക്കെഴുതിയ രണ്ടാമത്തെ ലേഖനത്തിൽ ഇത് വ്യക്തമാക്കുന്നുണ്ട്. ''ദൈവം ഞങ്ങൾക്കു നല്കുന്ന സാന്ത്വനത്താൽ ഓരോതരത്തിലുള്ള വ്യഥകളനുഭവിക്കുന്നവരെ ആശ്വസിപ്പിക്കാൻ ഞങ്ങൾ ശക്തരാകേണ്ടതിനും, ഞങ്ങൾ ദൈവത്തിൽനിന്നും അനുഭവിക്കുന്ന അതേ ആശ്വാസംതന്നെ അവരും അനുഭവിക്കേണ്ടതിനും അവിടുന്ന് ഞങ്ങളെ എല്ലാ ക്ലേശങ്ങളിലും സമാശ്വസിപ്പിക്കുന്നു'' (2 കോറി.1:4). എത്രമാത്രം വലിയ സഹനങ്ങളിലൂടെ കടന്നുപോകാൻ ദൈവം അനുവദിക്കുന്നുവോ അത്രമാത്രം വലിയ സമാശ്വാസം ദൈവത്തിൽനിന്ന് സ്വീകരിക്കുവാൻ നാം യോഗ്യരായിത്തീരുന്നു. ''ക്രിസ്തുവിന്റെ സഹനങ്ങളിൽ ഞങ്ങൾ സമൃദ്ധമായി പങ്കുചേരുന്നതുപോലെ ക്രിസ്തുവിലൂടെ സമാശ്വാസത്തിലും ഞങ്ങൾ സമൃദ്ധമായി പങ്കുചേരുന്നു'' (2 കോറി.1:5).

ക്രിസ്തുവിന്റെ സഹനങ്ങളിലും അവിടുന്ന് നല്കുന്ന സമാശ്വാസത്തിലും പങ്കുചേരുന്നതിലൂടെ ക്രിസ്തുവിന്റെ രക്ഷയിലും അവിടുന്ന് നല്കുന്ന സമാശ്വാസത്തിലും അനേകരെ പങ്കുചേർക്കാനുള്ള വരം ദൈവം നമുക്ക് നല്കുകയും ചെയ്യുന്നു. ''ഞങ്ങൾ ക്ലേശമനുഭവിക്കുന്നുവെങ്കിൽ അതു നിങ്ങളുടെ സമാശ്വാസത്തിനും രക്ഷയ്ക്കുംവേണ്ടിയാണ്; ഞങ്ങൾക്ക് ആശ്വാസം ലഭിക്കുന്നെങ്കിൽ അതു നിങ്ങളുടെ ആശ്വാസത്തിനുവേണ്ടിയാണ്, ഞങ്ങൾ സഹിക്കുന്ന പീഡകൾതന്നെ നിങ്ങളും ക്ഷമയോടെ സഹിക്കുന്നതിന് നിങ്ങൾക്കു ശക്തി ലഭിക്കുന്നതിനുവേണ്ടിയാണ്'' (2 കോറി.1:6).

ഇത് ദൈവനിയോഗം
ക്രിസ്തുവിന്റെ നാമത്തിൽ പലവിധത്തിലുള്ള സഹനങ്ങളിലൂടെ കടന്നുപോവുക എന്നത് ഓരോ ക്രിസ്ത്യാനിയെ സംബന്ധിച്ചുമുള്ള ദൈവനിയോഗമാണ്. അതിൽനിന്ന് ആരും ഒഴിവാക്കപ്പെട്ടിട്ടില്ല. ഈ സഹനത്തിന്റെ ചങ്ങല ആരംഭിക്കുന്നത് യേശുക്രിസ്തുവിൽതന്നെയാണ്. മനുഷ്യജന്മത്തിന്റെ ആദ്യനിമിഷം മുതൽ ക്രൂശുമരണം വരെ നിരന്തരമായ സഹനങ്ങളിലൂടെ അവിടുന്ന് കടന്നുപോവുകയായിരുന്നു. യേശുവിന്റെ പരിപൂർണത വെളിവാക്കപ്പെട്ടത് അവിടുത്തെ സഹനങ്ങളിലൂടെയും കൂടിയാണ്.  ക്രിസ്തുവിന്റെ പൂർണത അവിടുത്തെ സഹനം നിറഞ്ഞ അനുസരണത്തിൽ ആയിരുന്നതുപോലെ ഒരു ക്രിസ്ത്യാനിയുടെ പൂർണത അവിടുത്തെ സഹനങ്ങളിലുള്ള പങ്കുചേരലിലൂടെയും ആണ് പൂർത്തിയാകുന്നത്. ''ക്രിസ്തുവിൽ വിശ്വസിക്കാൻ മാത്രമല്ല, അവനുവേണ്ടി സഹിക്കുവാൻ കൂടിയുള്ള അനുഗ്രഹം അവനെപ്രതി നിങ്ങൾക്ക് ലഭിച്ചിരിക്കുന്നു'' (ഫിലി.1:29). ഓരോ വ്യക്തിക്കും ലഭ്യമായിരിക്കുന്ന ദൈവവിളിയനുസരിച്ച് സഹനത്തിലൂടെയുള്ള ഈ ഭാഗഭാഗിത്വത്തിന് ഏറ്റക്കുറച്ചിലുകൾ ഉണ്ടെന്നുമാത്രം. പൗലോസ് ശ്ലീഹാ ക്രിസ്തുവിന്റെ രക്ഷാകര സഹനത്തിൽ തനിക്കു ലഭിച്ച ഭാഗഭാഗിത്വത്തെക്കുറിച്ച് ഇപ്രകാരം പറയുന്നു. ''...സഭയാകുന്ന ശരീരത്തെപ്രതി ക്രിസ്തുവിന് സഹിക്കേണ്ടിവന്ന പീഡകളുടെ കുറവ്  എന്റെ ശരീരത്തിൽ ഞാൻ നികത്തുന്നു'' (കൊളോ.1:24).

ദൈവം നല്കുന്ന സമ്മാനങ്ങൾ
എന്റെ ചെറുപ്പകാലത്ത് ഒരു ആന്റി വലിയമ്മച്ചിയോട് കുടുംബജീവിതത്തിൽ അനുഭവിക്കുന്ന കഷ്ടപ്പാടുകളെക്കുറിച്ച് പറയുകയും കരയുകയുമൊക്കെ ചെയ്യുന്നത് ഞാൻ കണ്ടു. കുറെനേരം കേട്ടിരുന്നതിനുശേഷം വലിയമ്മച്ചി ആന്റിയെ ആശ്വസിപ്പിച്ചത് ഇപ്രകാരമായിരുന്നു, ''മോളേ, നിന്റെ വേദനകളെപ്രതി തമ്പുരാന് നന്ദിപറഞ്ഞ് പ്രാർത്ഥിക്ക്. അവിടുന്ന് നിന്നെ ഒത്തിരി സ്‌നേഹിക്കുന്നതുകൊണ്ടാണ് ഏറെ കുരിശുകൾ നിനക്ക് നല്കുന്നത്. ഒടേതമ്പുരാനോട് കൂടുതൽ അടുക്കുന്നവർക്ക് ഒത്തിരി വേദനകൾ അവിടുന്നു തരും. ഇത് നിന്നെ കൈവിട്ടതുകൊണ്ടല്ല, ഒരുപാട് സ്‌നേഹിക്കുന്നതുകൊണ്ടാണ്.  ഇതിന് ദൈവം ഒത്തിരി പ്രതിഫലം തരും. അതുകൊണ്ട് മോൾ നിരാശപ്പെടരുത്.''

ആ ദൈവശാസ്ത്രം അന്നെനിക്ക് മനസിലായില്ല. എന്നാ ൽ, നവീകരണത്തിലേക്ക് വന്നപ്പോൾ വലിയമ്മച്ചി പറഞ്ഞതിന്റെ അർത്ഥമെനിക്ക് മനസിലായി. നിരന്തരമായി പലവിധത്തിലുള്ള സഹനങ്ങളിലൂടെ കടന്നുപോകാൻ ദൈവം അനുവദിച്ചപ്പോൾ എന്താണ് വലിയമ്മച്ചി പറഞ്ഞതിന്റെ അർത്ഥമെന്ന് എനിക്ക് പിടികിട്ടിത്തുടങ്ങി. മാത്രമല്ല, എന്റെ സഹനങ്ങൾ അനേകരുടെ വേദനകളിൽ അവർക്കുള്ള സമാശ്വാസമായി മാറിയപ്പോൾ, ദൈവപദ്ധതി തിരിച്ചറിയാനും അതേക്കുറിച്ച് നന്ദി പറയാനും കഴിഞ്ഞു.

കണ്ണുനീരിന്റെ രുചി
കണ്ണീരൊഴുക്കുന്ന അനുഭവങ്ങളിലൂടെ കടന്നുപോയവർക്ക് മാത്രമേ കണ്ണീരിന്റെ രുചി തിരിച്ചറിയാൻ കഴിയൂ. ഒരു മനുഷ്യന് സഹിക്കാൻ കഴിയുന്നതും കഴിയാത്തതുമായ എ ല്ലാ വേദനകളും അതിന്റെ പാരമ്യത്തിൽ അനുഭവിച്ചവനാണ് യേശുക്രിസ്തു. അതുകൊണ്ട് എല്ലാ സഹനങ്ങൾക്കുമുള്ള സമാശ്വാസം യേശുവിന്റെ പക്കലുണ്ട്. അധ്വാനിക്കുന്നവരും ഭാരം വഹിക്കുന്നവരുമായ നിങ്ങളെല്ലാവരും എന്റെ അടുക്കൽ വരുവിൻ. ഞാൻ നിങ്ങളെ ആശ്വസിപ്പിക്കാം എന്ന് തിരുവചനത്തിൽ അവിടുന്ന് പറഞ്ഞിട്ടുള്ളത് അതുകൊണ്ടാണ്. ഓരോ വ്യക്തിയും വ്യത്യസ്തനായിരിക്കുന്നതുപോലെ സഹനങ്ങളും വ്യത്യസ്തമായിരിക്കും. ഹെബ്രായ ലേഖനം 2:18 ൽ പറയുന്നു, ''അവൻ പീഡ സഹിക്കുകയും പരീക്ഷിക്ക പ്പെടുകയും ചെയ്തതുകൊണ്ട് പരീക്ഷിക്കപ്പെടുന്നവരെ സ ഹായിക്കാൻ അവിടുത്തേക്ക് സാധിക്കുമല്ലോ.''

യഥാർത്ഥ ആശ്വാസവും ഉത്തരവും
ക്രൂശിതനായ ക്രിസ്തുവിന് മാത്രമാണ് ശാശ്വതമായ ആശ്വാസത്തിലേക്ക് നമ്മെ നയിക്കാൻ കഴിയുക.  ക്രിസ്തുവിനോടു ചേർന്നുള്ള സഹനത്തിലൂടെയാണ് യഥാർത്ഥ വിശുദ്ധീകരണം നടക്കുന്നത്. അതുകൊണ്ടാണ് യേശുക്രിസ്തുവിനോട് അടുക്കുന്നവർക്ക് കൂടുതൽ സഹനങ്ങൾ ദൈവം അനുവദിക്കുന്നത്. കൂടുതൽ ഞെരുക്കപ്പെടുന്നുവെങ്കിൽ അതിനുള്ള യഥാർത്ഥ കാരണം വിശുദ്ധിയോട് കൂടുതൽ അടുത്തിരിക്കുന്നു എന്നതാണ്. ''യേശുക്രിസ്തുവിനോട് ഐക്യപ്പെട്ട് വിശുദ്ധ ജീവിതം നയിക്കുവാൻ ആ ഗ്രഹിക്കുന്നവരെല്ലാം പീഡിപ്പിക്കപ്പെടും. അതേസമയം, ദുഷ്ടരും കപടനാട്യക്കാരും വഞ്ചിച്ചും വഞ്ചിക്കപ്പെട്ടും അടിക്കടി നശിക്കും''  (2 തിമോ.3:12-13).

അവിടുന്ന് വിശ്വസ്തൻ തന്നെ
കൂടുതൽ വലിയ വേദനകളിലൂടെ കടന്നുപോകുമ്പോൾ ദൈവം ശിക്ഷിക്കുന്നതായി തോന്നാം. എന്നാൽ, സത്യം അതല്ല. ദൈവപിതാവ് പരിശുദ്ധനായിരിക്കുന്നതുപോലെ പരിശുദ്ധരായിരിക്കുവാൻ (1 പത്രോസ് 1:15) വിളിക്കപ്പെട്ട നമ്മൾ ആ വിളിയുടെ പൂർണത പ്രാപിക്കുവാൻതക്ക പരിശീലനം നേടാൻ വേണ്ടിയാണ് തീവ്രമായ സഹനങ്ങൾ ദൈവം അനുവദിക്കുന്നത്. സങ്കീർത്തകനിലൂടെ ദൈവാത്മാവ് ഇപ്രകാരം സംസാരിക്കുന്നു: ''കർത്താവേ, അങ്ങയുടെ വിധികൾ ന്യായയുക്തമാണെന്നും അവിടുത്തെ വിശ്വസ്തത മൂലമാണ് അവിടുന്നെന്നെ കഷ്ടപ്പെടുത്തിയതെന്നും ഞാൻ അറിയുന്നു'' (സങ്കീ.119:75). കഷ്ടതയിലൂടെ കടന്നുപോകുന്ന ഒരു വ്യക്തി അവനറിയാതെതന്നെ തമ്പുരാന്റെ കല്പനകളോട് വിശ്വസ്തത പുലർത്തുന്നവനായിത്തീരുന്നു. ''ദുരിതങ്ങൾ എനിക്കുപകാരമായി; തന്മൂലം ഞാൻ അങ്ങയുടെ ചട്ടങ്ങൾ അഭ്യസിച്ചുവല്ലോ'' (സങ്കീ.119:71). ദൈവവചനം പാലിച്ചുകൊണ്ട് അവിടുത്തെ തിരുമനസ് നിറവേറ്റുന്നവരാണ് യഥാർത്ഥത്തിൽ ദൈവരാജ്യത്തിന് അർഹരായിത്തീരുകയെന്ന് യേശു നമുക്ക് മുന്നറിയിപ്പു തരുന്നുണ്ട്. ''എന്നെ കർത്താവേ, കർത്താവേ എന്ന് വിളിക്കുന്നവരല്ല, എന്റെ സ്വർഗസ്ഥനായ പിതാവിന്റെ ഇഷ്ടം നിറവേറ്റുന്നവരാണ് സ്വർഗരാജ്യത്തിൽ പ്രവേശിക്കുക'' (മത്തായി 7:21) എന്ന് അവിടുന്ന് പറഞ്ഞിരിക്കുന്നു. സ്വർഗസ്ഥനായ പിതാവിന്റെ ഇഷ്ടം നിറവേറ്റുന്നവരായി മാറുവാൻ ചെയ്യേണ്ടത് അവിടുത്തെ വചനം പാലിക്കുകയാണ്. ഇതിനുവേണ്ടി ദൈവം അനുവദിക്കുന്ന സഹായഹസ്തങ്ങളാണ് സഹനങ്ങൾ. പാഴ്‌വഴികളിൽനിന്നും നമ്മെ ദൈവവഴികളിലേക്ക് നയിക്കുവാൻ നമ്മെ സഹായിക്കുന്ന കാവൽദൂതന്മാരാണ് ഈ കഷ്ടതകൾ. സങ്കീർത്തകൻ പറയുന്നു: ''കഷ്ടതയിൽപ്പെടുന്നതിനുമുൻപ് ഞാൻ വഴിതെറ്റിപ്പോയി; എന്നാൽ, ഇപ്പോൾ ഞാൻ അങ്ങയുടെ വചനം പാലിക്കുന്നു'' (സങ്കീ.119:68). സഹനങ്ങൾക്ക് ഇങ്ങനെയുള്ള ഒട്ടേറെ നന്മകളുണ്ട്. അതുകൊണ്ടാണ് പൗലോസ് ശ്ലീഹാ തിമോത്തിയോസിനോട് ഇപ്രകാരം ഉപദേശിക്കുന്നത്: ''യേശുക്രിസ്തുവിന്റെ നല്ല പടയാളിയെപ്പോലെ കഷ്ടപ്പാടുകൾ സഹിക്കുക'' (2 തിമോ.2:3) എന്ന്.  സഹനങ്ങൾ മുൻപിലും പിൻപിലും ചുറ്റും ഉണ്ടെന്ന് ദൈവാത്മാവ് മുന്നറിയിപ്പു നല്കുന്നു. എന്നാൽ, നമ്മെ തകർക്കുവാൻ അവിടുന്ന് അനുവദിക്കുകയില്ല. അവയെല്ലാം നമ്മെ കടന്നുപോകാൻ അനുവദിക്കുന്നവൻ തന്നെ അതിനെ അതിജീവിക്കാനുള്ള ശക്തിയും തരും. ''നിങ്ങളുടെ ആത്മധൈര്യം നിങ്ങൾ നശിപ്പിച്ചുകളയരുത്. അതിനു വലിയ പ്രതിഫലം ലഭിക്കാനിരിക്കുന്നു. ദൈവത്തിന്റെ ഇഷ്ടം നിറവേറ്റി, അവിടുത്തെ വാഗ്ദാനം പ്രാപിക്കുവാൻ നിങ്ങൾക്കു സഹനശക്തി ആവശ്യമായിരിക്കുന്നു'' (ഹെബ്രാ.10:36).

അതിനാൽ നമുക്ക് ഇപ്രകാരം പ്രാർത്ഥിക്കാം: ഓ ദൈ വമേ, അങ്ങ് അനുവദിക്കുന്ന ഓരോ സഹനങ്ങളിലും അങ്ങ യുടെ പദ്ധതി ദർശിക്കുവാനും അവിടുത്തെ സമാശ്വാസത്തി ൽ പങ്കുചേരാനും ഞങ്ങളെ അനുവദിക്കണമേ. ഞങ്ങളുടെ കഷ്ടതകളിൽ അങ്ങ് നല്കുന്ന സമാശ്വാസം അതേ രീതിയിലുള്ള കഷ്ടതകളിലൂടെ കടന്നുപോകുന്നവർക്കുള്ള സ മാശ്വാസങ്ങളായി പകർന്നുനല്കാൻ പരിശുദ്ധാത്മാവേ ഞ ങ്ങളെ യോഗ്യരാക്കിത്തീർക്കണമേ- ആമ്മേൻ

Written by  സ്റ്റെല്ല ബെന്നി 
Share this article :