Home » » ജീവിതത്തിലെ യു ടേണുകൾ

ജീവിതത്തിലെ യു ടേണുകൾ


ജീവിതത്തിലെ യു ടേണുകൾ
ജീവിതത്തിൽ ഒരു പിന്തിരിഞ്ഞുപോകൽ ആവശ്യമാണ്. പരാജയപ്പെട്ടു പിൻവാങ്ങുന്നവരും പുതുവഴി തേടാൻ പിന്തിരിഞ്ഞു നടക്കുന്നവരും ധാരാളം. വഴിയരികിൽ എഴുതിവച്ചിരിക്കുന്ന മനോഹരമായ ബോർഡുകളിൽ ഒന്നാണ് 'യൂടേൺ.' ഇവിടെ തിരിയുക. പുതിയ വഴിയിലേക്ക് പ്രവേശിക്കാനോ വഴിതെറ്റിയെങ്കിൽ പിന്തിരിഞ്ഞു പോകാനോ പുതിയ ദിശ തേടാനോ ആയിരിക്കും 'യൂ ടേൺ.'
യേശു തന്റെ ദൗത്യം ആരംഭിക്കുന്നതിനു മുൻപ് ഒരു 'യൂ ടേൺ' നടത്തുന്നതാണ് സുവിശേഷം അവതരിപ്പിക്കുന്നത്. മരുഭൂമിയിൽ ആർജിച്ചെടുത്ത കരുത്തും പ്രാർത്ഥനയുടെ ശക്തിയുമെല്ലാം ഒരു പുതിയ ദിശയിലേക്ക് പ്രവേശിക്കാൻ വഴിയൊരുക്കി. ഉപ+വാസം = കൂടെ വസിക്കുക. തന്റെ ദൗത്യമേഖലയിൽ ദൈവത്തോടുകൂടെ വസിച്ചുകൊണ്ട് അവിടുന്ന് തന്റെ ദൗത്യം തിരിച്ചറിഞ്ഞു.

യേശു തന്റെ ദൗത്യം ആരംഭിക്കുന്നതിനായിട്ടാണ് ഗലീലി പ്രദേശത്തേക്ക് പിൻവാങ്ങുന്നത്. ഗലീലി നഗരം വിജാതീയ നഗരമായിട്ടാണ് ബൈബിൾ സൂചിപ്പിക്കുന്നത്. ജറുസലേം ദൈവത്തിന്റെ സിംഹാസനമായും. ജന്മനാടായ ജറുസലേമിൽനിന്ന് വിജാതീയ നഗരമായ ഗലീലിയിലേക്കാണ് തന്റെ ദൗത്യം ആരംഭിക്കാനായി യേശു പിന്മാറുന്നത്. തന്റെ ദൗത്യം സമൂഹത്തിലെ ഉപേക്ഷിക്കപ്പെട്ടവർക്കും പാപികൾക്കും ആരുമില്ലാത്തവർക്കും വേണ്ടിയായിരിക്കണം എന്ന ബോധ്യം കർത്താവിനുണ്ടായിരുന്നു. തന്റെ ദൗത്യം ആരംഭിക്കുന്നത് കടൽത്തീരത്തും ആരും ശ്രദ്ധിക്കാതെ കടന്നുപോകുന്നിടത്തുമാണ്.

നിരന്തരമായ പ്രാർത്ഥനയുടെയും ഉപവാസത്തിന്റെയും ഇടയിൽ ഒരു വിശ്രമത്തിനുള്ള അവസരമായും ഗലീലിയിലേക്കുള്ള ഈ പിൻവാങ്ങലിനെ കാണാൻ കഴിയും. ദൈവം സൃഷ്ടികർമത്തിനുശേഷം ഏഴാം ദിവസം വിശ്രമിക്കുന്നതായി സുവിശേഷത്തിൽ രേഖപ്പെടുത്തുന്നുണ്ട്. ജീവിതത്തിൽ ശാന്തത എപ്പോഴും ആവശ്യമാണ്. കൂടുതൽ കരുത്തോടും തീക്ഷ്ണതയോടുംകൂടെ മുന്നോട്ടു പോകുവാൻ ശക്തി ലഭിക്കണമെങ്കിൽ പിന്തിരിഞ്ഞുനോട്ടവും ശാന്തതയും അനിവാര്യമാണെന്ന് ക്രിസ്തു പഠിപ്പിക്കുന്നു.

ദൗത്യം ആരംഭിക്കേണ്ടത് എവിടെയാണെന്നുള്ള ഉൾക്കാഴ്ച ലഭിക്കുന്നത് ഈ ശാന്തതയിൽനിന്നാണ്. നമ്മുടെ ദൗത്യം ആരംഭിക്കേണ്ടത് എവിടെയായിരിക്കണം? വിശുദ്ധ ഡാമിയൻ തന്റെ ദൗത്യമേഖല കണ്ടെത്തിയത് മൊളോക്കയിലെ കുഷ്ഠരോഗികൾക്കിടയിൽ, മദർ തെരേസ കൽക്കട്ടയിലെ അഴുക്കുചാലിലും തെരുവോരങ്ങളിലും. കുടുംബത്തിന്റെ ക്ഷേമവും വളർച്ചയും മാത്രമായി നമ്മുടെ ദൗത്യം ചുരുങ്ങിപ്പോകാതിരിക്കട്ടെ. അതിനാവശ്യം ദൈവിക ശാന്തതയാണ്. ദൈവത്തോടുകൂടെ ആയിരിക്കുക എന്നത് അനിവാര്യമായിത്തീരണം. ഫുൾട്ടൻ ജെ. ഷീൻ പറയുന്നു, ''ദൈവത്തോടടുത്തു നില്ക്കുന്നവനിൽ ദൈവികശക്തി പ്രകടമാകും.'' സമൂഹത്തോടും സഹോദരങ്ങളോടുമുള്ള കടപ്പാടുകളിൽ മാന്ദ്യം സംഭവിക്കാ തെ ശക്തിയുക്തം മുന്നേറുവാൻ നമുക്ക് സാധിക്കട്ടെ.

ജീവിതത്തിൽ വലിയ ദൗത്യങ്ങൾ ഏറ്റെടുക്കുന്നതിനുമുൻപ് ഒരു ഒരുക്കശുശ്രൂഷ ആവശ്യമാണ്. വിവാഹ ഒരുക്ക കോഴ്‌സുകളും തിരുപ്പട്ടത്തിനു മുൻപുള്ള ധ്യാനവുമെല്ലാം ഒരു പുതിയ കാല്‌വയ്പിലേക്ക് നമ്മെ നയിക്കുന്നതാണ്. ഒരുക്കത്തിനായുള്ള പിൻവാങ്ങൽ ഒരിക്കലും പരാജയപ്പെട്ട പിൻവാങ്ങലല്ല.
ടോണി ഡിമെല്ലോ പറയുന്ന ഒരു കഥ ഇപ്രകാരമാണ്, ''ഒരുവൻ കണ്ണു മൂടിക്കെട്ടി വനത്തിലൂടെ ഓടുകയാണ്. മരത്തിന്റെ ചില്ലകളിലും വേരുകളിലും തട്ടി ശരീരമാകെ മുറിവേറ്റിരിക്കുന്നു. മുറിവുകളിൽനിന്നും രക്തം പൊടിയുന്നുണ്ട്. അയാളുടെ ഈ അവസ്ഥ കണ്ടിട്ട് മറ്റൊരാൾ ചോദിച്ചു, താങ്കൾക്ക് ഒരു നിമിഷം നിന്ന് കണ്ണിലെ കെട്ടഴിച്ചിട്ട് പോയിക്കൂടേ? അയാൾ മറുപടി പറഞ്ഞു, ''കണ്ണിലെ കെട്ടഴിക്കുവാൻ എനിക്ക് സമയമില്ല.'' എന്നിട്ട് ഓട്ടം തുടർന്നു.

കാഴ്ചയുണ്ടായിട്ടും കണ്ണിന്റെ കെട്ടഴിക്കാതെ ഓടുന്നവന് ദിശ തെറ്റും, മുറിവുകളുണ്ടാകും. ജീവിതം ഓടിത്തളരുമ്പോൾ കൂടുതൽ ശക്തിയോടെ മുന്നേറാൻ കാഴ്ചയിൽ അല്പം തിരിവെട്ടം ആവശ്യമാണ്. ശാന്തതയോടെ ജീവിക്കാൻ അല്പം സമയം ചെലവഴിച്ചാൽ കൂടുതൽ ഉൾക്കാഴ്ച ലഭിക്കും. ആയുധത്തിന്റെ മൂർച്ച കൂട്ടുവാൻ കൊല്ലന്റെ കൈകളിൽ മെരുങ്ങലിനായി പിൻവാങ്ങണം. ആത്മീയതയിൽ ഉണർവുണ്ടാകുവാൻ ശാന്തമായി ദൈവത്തോട് സം ഭാഷണത്തിന് തയാറാകണം. ക്രിസ്തു മരുഭൂമിയിലെ പരീക്ഷകളിലും തീക്ഷ്ണമായ പ്രാർത്ഥനയിലും അതു ദർശിക്കാൻ തയാറായി. ഒരു പിൻവാങ്ങൽ നമ്മുടെ ജീവിതത്തിലും ഉണ്ടായാൽ കൂടുതൽ കരുത്തോടെ മുന്നേറുവാൻ കഴിയും.

Written by  ഫാ. സുബിൻ കിടങ്ങേൻ 
Share this article :