എനിയ്ക്ക് മൂന്നു അമ്മമാരുണ്ട്. 1) എനിയ്ക്ക് ഈ ഭൂമിയിലേയ്ക്ക് ജന്മം നല്‍കിയ അമ്മ 2) എനിയ്ക്ക് വീണ്ടും ജനനം നല്‍കിയ എന്റെ സഭാമാതാവ് 3) എന്റെ സ്വര്‍ഗ്ഗീയ അമ്മ (പരി. മറിയം)
പരി. മറിയം എങ്ങനെ എന്റെ അമ്മയായി? സ്വര്‍ഗ്ഗവും ഭൂമിയും ഉണ്ടാകട്ടെ എന്ന ഒരു വചനത്താല്‍ സൃഷ്ടിച്ചവന്‍ പറഞ്ഞു 'ഇതാ നിന്റെ അമ്മ' അവന്റെ വാക്കുകള്‍ക്ക് മാറ്റമില്ല. 'ആകാശവും ഭൂമിയും മാറും. പക്ഷേ അവന്റെ വചനങ്ങള്‍ക്ക് മാറ്റമില്ല.'(മത്തായി 24:35) അതുകൊണ്ട് പരി. മറിയം എന്റെ അമ്മയാണ്.
ഇനി വചന പ്രകാരം ഇതു ശരിയാണോ? പരി. മറിയത്തെ എന്റെ അമ്മയായി സ്വീകരിക്കാമോ?
പത്രോസിന്റെ ഒന്നാം ലേഖനത്തില്‍ ശ്ലീഹാ പറയുന്നു (3-6) 'സാറാ അബ്രാഹത്തെ നാഥാ എന്നു വിളിച്ചുകൊണ്ട് അനുസരിച്ചിരുന്നല്ലോ. നന്മ ചെയ്യുകയും ഒന്നിനെയും ഭയപ്പെടാതിരിക്കുകയും ചെയ്യ്താല്‍ നിങ്ങള്‍ അവളുടെ മക്കളാകും.' ദമ്പതിമാരുടെ കടമകളെക്കുറിച്ചു പറയുമ്പോള്‍ പത്രോസ് ശ്ലീഹാ പറയുന്ന വചനമാണിത്. സാറായെപ്പോലെ വിശുദ്ധ ജീവിതം നയിക്കുന്ന സ്ത്രീകള്‍ അവളുടെ മക്കളാകുമെന്നാണ് ശ്ലീഹാ പറയുന്നത്.
അങ്ങനെയെങ്കില്‍ ഈശോയെ രക്ഷിതാവായ സ്വീകരിച്ച ഒരുവന്‍ തന്റെ അമ്മയായി പരി. മറിയത്തെ സ്വീകരിക്കുന്നതില്‍ എന്താണ് തെറ്റ്?
ആരാണ് പരി. മറിയം? ദൈവവചനം ശ്രവിക്കുകയും അതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യ്തവളാണ് പരി. മറിയം (ലൂക്കാ 8 : 21) ഇപ്രകാരം ജീവിക്കുന്നവര്‍ ഈശോയുടെ സഹോദരന്മാരാണ്? അങ്ങനെയുള്ളവരുടെ അമ്മയാണ് പരി. മറിയം.
വെളിപാട് പുസ്തകം 12 -ാം അദ്ധ്യായം 17-ാം വാക്യത്തില്‍ പറയുന്നു : 'അപ്പോള്‍ സര്‍പ്പം സ്ത്രീയുടെ നേരേ കോപിച്ചു. ദൈവകല്‍പ്പനകള്‍ കാക്കുന്നവരും യേശുവിനു സാക്ഷ്യം വഹിക്കുന്നവരുമായി അവളുടെ സന്താനങ്ങളില്‍ ശേഷിച്ചിരുന്നവരോട് യുദ്ധം ചെയ്യാന്‍ അതു പുറപ്പെട്ടു.'
ഈ വാക്യത്തില്‍ നിന്നും ഒരു കാര്യം വ്യക്തമാണ് : യേശുവിനു സാക്ഷ്യം വഹിക്കുന്നവര്‍ പരി. മറിയത്തിന്റെ മക്കളാണ് - പിശാചിനെ എതിര്‍ക്കുന്നവര്‍ അവളുടെ മക്കളാണ്. പിശാചുമായി സന്ധി ചെയ്യ്തവര്‍ അവളുടെ മക്കളല്ല.