Home » » മരിച്ചവരോട് പ്രാര്‍ത്ഥിക്കുന്നത് തെറ്റോ?

മരിച്ചവരോട് പ്രാര്‍ത്ഥിക്കുന്നത് തെറ്റോ?

ഒരാളുടെ മരണശേഷം അന്ത്യവിധി വരെ മരിച്ചവര്‍ നിദ്രയിലാണെന്നും, അതുകൊണ്ട് മരിച്ചവരോട് പ്രാര്‍ത്ഥിക്കുന്നതു കൊണ്ടു പ്രയോജനമില്ലെന്നുമാണ് പെന്തക്കോസ്തുകാര്‍ വാദിക്കുന്നത്. ഇവരുടെ വാദം ശരിയെങ്കില്‍ പരി. മറിയത്തോടും, അപ്പസ്‌തോലന്മാരോടും, രക്തസാക്ഷികളോടുമൊന്നും പ്രാര്‍ത്ഥിക്കുന്നതിനു അടിസ്ഥാനമില്ല. എന്നാല്‍ വി. ഗ്രന്ഥം മരിച്ചുപോയ വിശുദ്ധരെക്കുറിച്ച് വളരെ വ്യക്തമായ സൂചനകള്‍ തരുന്നുണ്ട്. പഴയനിയമ ഗ്രന്ഥത്തില്‍ ഹെനോക്കു ദൈവസന്നിധിയിലേയ്ക്ക് എടുക്കപ്പെട്ടതായി രേഖപ്പെടുത്തിയിട്ടുണ്ട്. (ഉല്പ 5 : 24) ഹെബ്രായര്‍ക്കുള്ള ലേഖനത്തില്‍ പറയുന്നു 'വിശ്വാസം മൂലം ഹെനോക്ക് മരണം കാണാതെ സംവഹിക്കപ്പെട്ടു. ദൈവം അവനെ സംവഹിച്ചതുകൊണ്ട് പിന്നീട് അവന്‍ കാണപ്പെട്ടതുമില്ല.' (ഹെബ്രാ 11 : 5) ഏലിയാ പ്രവാചകന്‍ സ്വര്‍ഗ്ഗത്തിലേയ്ക്ക് എടുക്കപ്പെടുന്ന സംഭവം 2 രാജാ 2 : 11 ല്‍ വിവരിക്കുന്നുണ്ട്. മോശയുടെ മരണശേഷം അദ്ദേഹത്തെ സംസ്‌ക്കരിക്കുന്നതായി നിയമാവര്‍ത്തനം 34 : 5-8 ല്‍ രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും അദ്ദേഹം ദൈവസന്നിധിയിലേയ്ക്ക് എടുക്കപ്പെടുന്നതായി പഴയനിയമഗ്രന്ഥത്തില്‍ ഒരിടത്തും കാണുന്നില്ല. എന്നാല്‍ യൂദാശ്ലീഹായുടെ ലേഖനത്തില്‍ മോശെയുടെ ശരീരത്തെച്ചൊല്ലി മിഖായേല്‍ മാലാഖയും, സാത്താനും തര്‍ക്കിക്കുന്നതായും മിഖായേല്‍ മാലാഖ മോശയുടെ ശരീരം ദൈവസന്നിധിയിലേയ്ക്ക് കൊണ്ടുപോകുന്നതായി പരാമര്‍ശിക്കുന്നുണ്ട്. (യൂദാ 1 : 9-10) ലൂക്കായുടെ സുവിശേഷം 9 : 30 ല്‍ ഏലിയായും മോശയും ഈശോയുടെ രൂപാന്തരീകരണ വേളയില്‍ പ്രത്യക്ഷപ്പെടുന്നതായും ജറുസലേമില്‍ പൂര്‍ത്തിയാകേണ്ട അവിടുത്തെ കടന്നുപോകലിനെക്കുറിച്ച് സംസാരിക്കുന്നതായും രേഖപ്പെടുത്തിയിട്ടുണ്ട്. ഈശോ തന്റെ പ്രിയപ്പെട്ടവര്‍ക്ക് ജീവന്‍ നല്‍കുമെന്ന് (യോഹ 5 : 21) ല്‍ അരുളിച്ചെയ്തിട്ടുണ്ട്. 'പിതാവ് മരിച്ചവരെ എഴുന്നേല്‍പ്പിച്ച് അവര്‍ക്കു ജീവന്‍ നല്‍കുന്നതുപോലെ തന്നെ പുത്രനും താന്‍ ഇച്ഛിക്കുന്നവര്‍ക്ക് ജീവന്‍ നല്‍കുന്നു.' വീണ്ടും യോഹ 6 : 51 ല്‍ അവിടുന്ന് പറയുന്നു 'സ്വര്‍ഗ്ഗത്തില്‍ നിന്നിറങ്ങിയ ജീവനുള്ള അപ്പം ഞാനാണ്. ആരെങ്കിലും ഈ അപ്പത്തില്‍ നിന്നു ഭക്ഷിച്ചാല്‍ അവന്‍ എന്നേക്കും ജീവിക്കും' ലൂക്കാ 20 : 37-38 ല്‍ ഈശോ പറയുന്നു 'മോശ പോലും മുള്‍പ്പടര്‍പ്പിങ്കല്‍ വെച്ചു കര്‍ത്താവിനെ അബ്രാഹത്തിന്റെ ദൈവമെന്നും ഇസഹാക്കിന്റെ ദൈവമെന്നും യാക്കോബിന്റെ ദൈവമെന്നും വിളിച്ചുകൊണ്ട്, മരിച്ചവര്‍ ഉയിര്‍ക്കുമെന്ന് കാണിച്ചുതന്നിട്ടുണ്ട്. അവിടുന്ന് മരിച്ചവരുടെ അല്ല, ജീവിക്കുന്നവരുടെ ദൈവമാണ്. അവിടുത്തേയ്ക്ക് എല്ലാവരും ജീവിക്കുന്നവര്‍ തന്നെ' മത്തായിയുടെ സുവിശേഷത്തില്‍ ഈശോയുടെ കുരിശുമരണ സമയത്ത് നിദ്രപ്രാപിച്ചിരുന്ന പല വിശുദ്ധന്മാരുടെയും ശരീരങ്ങള്‍ ഉയിര്‍പ്പിക്കപ്പെട്ടതായി സാക്ഷ്യപ്പെടുത്തുന്നുണ്ട്. 'നിദ്ര പ്രാപിച്ചിരുന്ന പല വിശുദ്ധന്മാരുടെയും ശരീരങ്ങള്‍ ഉയിര്‍പ്പിക്കപ്പെട്ടു. അവന്റെ പുനരുദ്ധാനത്തിനു ശേഷം, അവര്‍ ശവകുടീരങ്ങളില്‍ നിന്നു പുറത്തുവന്ന് വിശുദ്ധനഗരത്തില്‍ പ്രവേശിച്ച് പലര്‍ക്കും പ്രത്യക്ഷപ്പെട്ടു.' (മത്തായി 27 : 52-53) എന്താണ് ഈ വചനങ്ങളിലൂടെ വ്യക്തമാകുന്നത് : നാം മരിച്ചുപോയവര്‍ എന്നു വിളിക്കുന്ന വിശുദ്ധര്‍ ദൈവസന്നിധിയില്‍ ജീവിച്ചിരിക്കുന്നുവെന്നല്ലേ? ഇനി ഇവരോട് പ്രാര്‍ത്ഥിച്ചാല്‍ ഇവര്‍ കേള്‍ക്കുമോ? എന്ന ചോദ്യത്തിനുള്ള ഉത്തരത്തെക്കുറിച്ച് നോക്കാം. (മത്തായി 27 : 52-53) ല്‍ ഉത്ഥാനം ചെയ്യ്തവര്‍ പലര്‍ക്കും പ്രത്യക്ഷപ്പെട്ടതായി പറയുന്നുണ്ട് 'നിദ്ര പ്രാപിച്ചിരുന്ന പല വിശുദ്ധന്മാരുടെയും ശരീരങ്ങള്‍ ഉയിര്‍പ്പിക്കപ്പെട്ടു. അവന്റെ പുനരുദ്ധാനത്തിനു ശേഷം, അവര്‍ ശവകുടീരങ്ങളില്‍ നിന്നു പുറത്തുവന്ന് വിശുദ്ധനഗരത്തില്‍ പ്രവേശിച്ച് പലര്‍ക്കും പ്രത്യക്ഷപ്പെട്ടു.' ലൂക്കായുടെ സുവിശേഷത്തില്‍ ഈശോ പുനരുത്ഥാനം ചെയ്യ്തവരുടെ പ്രത്യേകത എന്താണെന്ന് വ്യക്തമാക്കുന്നുണ്ട് 'പുനരുത്ഥാനത്തിന്റെ മക്കള്‍ എന്ന നിലയില്‍ അവര്‍ ദൈവദൂതന്മാര്‍ക്കു തുല്യരും ദൈവമക്കളുമാണ്' (ലൂക്കാ 20 : 36) ലൂക്കായുടെ സുവിശേഷം 9 : 30 ല്‍ ഏലിയായും മോശയും ഈശോയുടെ രൂപാന്തരീകരണ വേളയില്‍ പ്രത്യക്ഷപ്പെടുന്നതായും ജറുസലേമില്‍ പൂര്‍ത്തിയാകേണ്ട അവിടുത്തെ കടന്നുപോകലിനെക്കുറിച്ച് സംസാരിച്ചതായും രേഖപ്പെടുത്തിയിട്ടുണ്ട്. 1 സാമുവല്‍ 28 : 3-19 ല്‍ സാവൂള്‍ മരിച്ചുപോയ സാമുവേല്‍ പ്രവാചകനെ ഒരു മന്ത്രവാദിനിയുടെ സഹായത്താല്‍ വിളിച്ചുവരുത്തുന്നതായും, അദ്ദേഹവുമായി സംസാരിക്കുന്നതായും രേഖപ്പെടുത്തിയിട്ടുണ്ട്. ഒരു ദുര്‍മന്ത്രവാദിനിയ്ക്കും, സാവൂളിനും ദൈവസന്നിധിയിലായിരിക്കുന്ന സാമുവേല്‍ പ്രവാചകനോട് സംസാരിക്കാമെങ്കില്‍ നമ്മുടെ പ്രാര്‍ത്ഥന വിശുദ്ധര്‍ കേള്‍ക്കുകയില്ലായെന്ന് എങ്ങനെ പറയാനാവും. ജറെമിയാ പ്രവാചകന്റെ പുസ്തകം 15 : 1 ല്‍ പറയുന്നു 'കര്‍ത്താവ് എന്നോട് അരുളിച്ചെയ്തു : മോശയും സാമുവലും എന്റെ മുമ്പില്‍ നിന്നു യാചിച്ചാല്‍ പോലും ഈ ജനത്തിന്റെ നേര്‍ക്കു ഞാന്‍ കരുണ കാണിക്കുകയില്ല. എന്റെ മുമ്പില്‍ നിന്നു അവരെ പറഞ്ഞയയ്ക്കുക; അവര്‍ പോകട്ടെ.' മോശയ്ക്കും, സാമുവലിനും ദൈവസന്നിധിയില്‍ യാചിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും, അവര്‍ ഇപ്രകാരം ചെയ്യാറുണ്ടെന്നുമല്ലേ ഈ വചനത്തില്‍ നിന്നും വ്യക്തമാകുന്നത്. ഈ സംഭവങ്ങളില്‍ നിന്നും എന്താണ് മനസ്സിലാക്കാന്‍ സാധിക്കുന്നത്?1) മരിച്ചുപോയ വിശുദ്ധര്‍ ദൈവസന്നിധിയില്‍ ജീവിക്കുന്നു.2) അവര്‍ക്ക് മനുഷ്യരുടെ മുമ്പില്‍ പ്രത്യക്ഷപ്പെടാന്‍ സാധിക്കും3) അവര്‍ക്ക് ജീവിച്ചിരിക്കുന്നവരുമായി സംസാരിക്കാന്‍ സാധിക്കും4) അവര്‍ക്ക് ദൈവസന്നിധിയില്‍ നമ്മുക്കുവേണ്ടി മദ്ധ്യസ്ഥം വഹിക്കാന്‍ സാധിക്കും മഹിമയണിഞ്ഞ വിശുദ്ധര്‍ ഇപ്പോഴും നിദ്രയിലാണെന്നു പറയുകയും, അവരോട് പ്രാര്‍ത്ഥിച്ചിട്ടു പ്രയോജനമില്ലെന്നു വാദിയ്ക്കുകയും ചെയ്യുന്നവരെക്കുറിച്ച് വി. ഗ്രന്ഥം വ്യക്തമായ മുന്നറിയിപ്പു തരുന്നുണ്ട് യൂദാശ്ലീഹായുടെ ലേഖനത്തില്‍ ശ്ലീഹാ പറയുന്നു 'സ്വപ്‌നങ്ങളില്‍ നിമഗ്നരായിരിക്കുന്ന ഈ മനുഷ്യര്‍ ശരീരത്തെ അശുദ്ധമാക്കുകയും അധികാരത്തെ തള്ളിപ്പറയുകയും മഹിമയണിഞ്ഞവരെ നിന്ദിക്കുകയും ചെയ്യുന്നു' (യൂദാ 1 : 8)
Share this article :