Home » » മരിച്ചവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നത് തെറ്റോ?

മരിച്ചവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നത് തെറ്റോ?

മരിച്ചവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നതിനെ എതിര്‍ക്കുന്നവര്‍ എപ്പോഴും ആവര്‍ത്തിക്കുന്ന ഒരു വാദമാണ് ബൈബിളില്‍ എവിടെയും മരിച്ചവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നതായി രേഖപ്പെടുത്തിയിട്ടില്ലെന്നുള്ളത്. ഈ വാദം ഉന്നയിക്കുന്നവര്‍ വി. ഗ്രന്ഥം ശരിയായി വായിച്ചിട്ടില്ലെന്നുവേണം മനസ്സിലാക്കുവാന്‍. അപ്പസ്‌തോല പ്രവര്‍ത്തനം 9 (36-41) ല്‍ പത്രോസ് ശ്ലീഹാ തബിത്താ എന്ന സ്ത്രീയെ ഉയര്‍പ്പിക്കുന്ന സംഭവം വിവരിക്കുന്നുണ്ട്. ''യോപ്പായില്‍ തബിത്താ എന്നു പേരായ ഒരു ശിഷ്യയുണ്ടായിരുന്നു. ഈപേരിന് മാന്‍പേട എന്നാണ് അര്‍ഥം. സത്കൃത്യങ്ങളിലും ദാനധര്‍മങ്ങളിലും അവള്‍ സമ്പന്നയായിരുന്നു. ആയിടെ അവള്‍ രോഗം പിടിപെട്ടു മരിച്ചു. അവര്‍ അവളെ കുളിപ്പിച്ചു മുകളിലത്തെനിലയില്‍ കിടത്തി. ലിദാ യോപ്പായുടെ സമീപത്താണ്. പത്രോസ് അവിടെയുണ്ടെന്നറിഞ്ഞ്, ശിഷ്യന്‍മാര്‍ രണ്ടുപേരെ അയച്ച്, താമസിയാതെ തങ്ങളുടെ അടുത്തേക്ക് വരണമെന്ന് അഭ്യര്‍ഥിച്ചു. പത്രോസ് ഉടനെ അവരോടൊപ്പം പുറപ്പെട്ടു. സ്ഥലത്തെത്തിയപ്പോള്‍ അവനെ മുകളിലത്തെനിലയിലേക്ക് അവര്‍ കൂട്ടിക്കൊണ്ടുപോയി. വിധവകളെല്ലാവരും വിലപിച്ചുകൊണ്ട് അവന്റെ ചുറ്റും നിന്നു. അവള്‍ ജീവിച്ചിരുന്നപ്പോള്‍ നിര്‍മിച്ചവസ്ത്രങ്ങളും മേലങ്കികളും അവര്‍ അവനെ കാണിച്ചു. പത്രോസ് എല്ലാവരെയും പുറത്താക്കിയതിനുശേഷം മുട്ടുകുത്തിപ്രാര്‍ഥിച്ചു. പിന്നീട് മൃതശരീരത്തിന്റെ നേരേ തിരിഞ്ഞ് പറഞ്ഞു: തബിത്താ, എഴുന്നേല്‍ക്കൂ. അവള്‍ കണ്ണുതുറന്നു. പത്രോസിനെ കണ്ടപ്പോള്‍ അവള്‍ എഴുന്നേറ്റിരുന്നു. അവന്‍ അവളെ കൈയ്ക്കു പിടിച്ച് എഴുന്നേല്‍പിച്ചു. പിന്നീട്, വിശുദ്ധരെയും വിധവകളെയും വിളിച്ച് അവളെ ജീവിക്കുന്നവളായി അവരെ ഏല്‍പിച്ചു.'' നടപടി (9:36-41) ഇവിടെ പത്രോസ് ശ്ലീഹാ മുട്ടുകുത്തി പ്രാര്‍ത്ഥിച്ചതായി തിരുവചനം സാക്ഷ്യപ്പെടുത്തുന്നു. എന്താണ് അദ്ദേഹം പ്രാര്‍ത്ഥിച്ചതെന്ന് രേഖപ്പെടുത്തിയിട്ടില്ലെങ്കിലും അദ്ദേഹം മൃതശരീരത്തിന്റെ സമീപം മുട്ടുകുത്തി പ്രാര്‍ത്ഥിച്ചതായി വ്യക്തമാക്കുന്നുണ്ട്. അതു തീര്‍ച്ചയായും തബീത്തയെ ഉയിര്‍പ്പിക്കുന്നതിനു വേണ്ടിയായിരുന്നൂവെന്ന് വ്യക്തം. നാം മരിച്ചവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നതു അവരുടെ പുനരുത്ഥാനത്തിനുവേണ്ടിയും, അവര്‍ക്ക് സ്വര്‍ഗ്ഗരാജ്യം ലഭിക്കുന്നതിനു വേണ്ടിയുമാണ്. രാജാക്കന്മാരുടെ പുസ്തകത്തില്‍ ഏലിയാ പ്രവാചകന്‍ സറേഫാത്തിലെ വിധവയുടെ മകന്‍ മരിച്ചപ്പോള്‍ അവനുവേണ്ടി പ്രാര്‍ത്ഥിക്കുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്. ''ആ ഗൃഹനായികയുടെ മകന്‍ ഒരുദിവസം രോഗബാധിതനായി; രോഗം മൂര്‍ഛിച്ച് ശ്വാസം നിലച്ചു. അവള്‍ ഏലിയായോടു പറഞ്ഞു: ദൈവപുരുഷാ, എന്തുകൊണ്ടാണ് അങ്ങ് എന്നോട് ഇങ്ങനെ ചെയ്തത്? എന്റെ പാപങ്ങള്‍ അനുസ്മരിപ്പിക്കാനും എന്റെ മകനെ കൊല്ലാനുമാണോ അങ്ങ് ഇവിടെ വന്നത്? ഏലിയാ പ്രതിവചിച്ചു: നിന്റെ മകനെ ഇങ്ങു തരുക. അവനെ അവളുടെ മടിയില്‍നിന്നെടുത്ത് ഏലിയാ താന്‍ പാര്‍ക്കുന്ന മുകളിലത്തെ മുറിയില്‍ കൊണ്ടുപോയി കട്ടിലില്‍ കിടത്തി. അനന്തരം, അവന്‍ ഉച്ചത്തില്‍ പ്രാര്‍ഥിച്ചു: എന്റെ ദൈവമായ കര്‍ത്താവേ, എനിക്ക് ഇടം തന്നവളാണ് ഈ വിധവ. അവളുടെ മകന്റെ ജീവന്‍ എടുത്തുകൊണ്ട് അവിടുന്ന് അവളെ പീഡിപ്പിക്കുകയാണോ? പിന്നീട് അവന്‍ ബാലന്റെ മേല്‍ മൂന്നുപ്രാവശ്യം കിടന്ന്, കര്‍ത്താവിനോടപേക്ഷിച്ചു: എന്റെ ദൈവമായ കര്‍ത്താവേ, ഇവന്റെ ജീവന്‍ തിരികെക്കൊടുക്കണമേ! കര്‍ത്താവ് ഏലിയായുടെ അപേക്ഷ കേട്ടു. കുട്ടിക്കു പ്രാണന്‍ വീണ്ടുകിട്ടി; അവന്‍ ജീവിച്ചു. ഏലിയാ ബാലനെ മുകളിലത്തെ മുറിയില്‍നിന്നു താഴെ കൊണ്ടുവന്ന് അമ്മയെ ഏല്‍പിച്ചുകൊണ്ട് ഇതാ നിന്റെ മകന്‍ ജീവിച്ചിരിക്കുന്നു എന്നുപറഞ്ഞു'' (1 രാജാ 17: 17-23) ഈ രണ്ടു സംഭവങ്ങളിലും മരിച്ചുപോയ വ്യക്തികള്‍ക്കുവേണ്ടി കര്‍ത്താവിന്റെ പ്രിയപ്പെട്ടവര്‍ പ്രാര്‍ത്ഥിക്കുകയും, അവര്‍ക്ക് ജീവന്‍ തിരിച്ചു കിട്ടുകയും ചെയ്യ്തു. മരിച്ചുപോയവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിച്ചിട്ട് ഒരു കാര്യവുമില്ലാ എന്ന പെന്തക്കോസ്തുകാരുടെ വാദമാണ് സത്യമെങ്കില്‍ ഇവര്‍ മരിച്ചുപോയവര്‍ക്കുവേണ്്ടി പ്രാര്‍ത്ഥിക്കുകയോ അഥവാ പ്രാര്‍ത്ഥിച്ചാല്‍തന്നെ അവര്‍ ജീവന്‍ പ്രാപിക്കുകയോ ചെയ്യുകയില്ലായിരുന്നു. പക്ഷേ ദൈവം മരിച്ചവര്‍ക്കുവേണ്്ടിയുള്ള പ്രാര്‍ത്ഥന സ്വീകരിക്കുകയും അവരെ ജീവിപ്പിക്കുകയും ചെയ്യ്തു. ഈശോ ലാസറിനെ ഉയര്‍പ്പിച്ചത് ലാസര്‍ സംസ്‌ക്കരിക്കപ്പെട്ടതിന്റെ നാലാം ദിവസമാണ്. ലാസറിന്റെ കല്ലറയ്ക്ക് മുമ്പില്‍ യേശു പ്രാര്‍ത്ഥിക്കുന്നതായി വി. യോഹന്നാന്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്. (യോഹ 11 : 451-42) ഇവിടെ യേശു പ്രാര്‍ത്ഥിക്കുന്നത് ലാസറിന്റെ ഉയിര്‍പ്പിനുവേണ്ടിയാണ്. നാമും നമ്മുടെ മരിച്ചുപോയ പ്രിയപ്പെട്ടവര്‍ക്കുവേണ്ടി അവരുടെ കല്ലറയ്ക്കു മുമ്പില്‍ നിന്നു പ്രാര്‍ത്ഥിക്കുന്നത് അവരുടെ പുനരുത്ഥാനത്തിനുവേണ്ടിയും, അവര്‍ക്ക് സ്വര്‍ഗ്ഗരാജ്യം ലഭിക്കുന്നതിനു വേണ്ടിയാണ്. ഇതു തെറ്റാണെന്നു പറയുന്നവര്‍ ക്രിസ്തുവിന്റെ ശിഷ്യന്മാരായി വ്യാജവേഷം കെട്ടിയവരാണെന്ന് ഉറപ്പാണ്. മരിച്ചവര്‍ ദൈവത്തിന്റെ മുമ്പില്‍ ജീവിച്ചിരിക്കുന്നു. മര്‍ക്കോസിന്റെ സുവിശേഷത്തില്‍ ഈശോ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. ''മരിച്ചവര്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുന്നതിനെക്കുറിച്ച്, ദൈവം മുള്‍പ്പടര്‍പ്പില്‍നിന്നു മോശയോട് അരുളിച്ചെയ്തത് എന്താണെന്ന് മോശയുടെ പുസ്തകത്തില്‍ നിങ്ങള്‍ വായിച്ചിട്ടില്ലേ? അവിടുന്നു പറഞ്ഞു: ഞാന്‍ അബ്രാഹത്തിന്റെ ദൈവവും ഇസഹാക്കിന്റെ ദൈവവും യാക്കോബിന്റെ ദൈവവും ആണ്. അവിടുന്നു മരിച്ചവരുടെയല്ല, ജീവിക്കുന്നവരുടെ ദൈവമാണ്. നിങ്ങള്‍ക്കു വലിയ തെറ്റു പറ്റിയിരിക്കുന്നു.'' (മര്‍ക്കോ 12 : 26-27) ദൈവതിരുസന്നിധിയില്‍ ജീവിച്ചിരിക്കുന്ന മരിച്ചവര്‍ക്കുവേണ്ടിയാണ് നാം പ്രാര്‍ത്ഥിക്കുന്നത്. മരിച്ചവര്‍ക്കുവേണ്ടി സ്‌നാനം സ്വീകരിക്കുന്നതിനെപ്പറ്റി പൗലോസ് ശ്ലീഹാ 1 കോറി 15: 29-30 ല്‍ പരാമര്‍ശിക്കുന്നുണ്ട്. മരിച്ചവര്‍ക്കുവേണ്ടി സ്‌നാനം ഏല്ക്കാം, പ്രാര്‍ത്ഥിക്കാന്‍ പാടില്ല എന്നു പറയുന്നത് എത്രവലിയ വിഢിത്തമാണ്!.
Share this article :