ദേവാലയങ്ങളിലും ഭവനങ്ങളിലും ഈശോയുടെയും വിശുദ്ധരുടെയും രൂപങ്ങളും, ചിത്രങ്ങളും ഉള്ളതിനാല്‍ കത്തോലിക്കര്‍ വിഗ്രഹാരാധകരാണെന്നാണ് ചിലരുടെ വാദം.
"ഞാനല്ലാതെ വേറെ ദേവന്മാര്‍ നിനക്കുണ്ടാകരുത്. മുകളില്‍ ആകാശത്തിലോ താഴെ ഭൂമിയിലോ ഭൂമിക്കടിയിലോ ജലത്തിലോ ഉള്ള ഒന്നിന്റെയും പ്രതിമയോ സ്വരൂപമോ നീ നിര്‍മ്മിക്കരുത്. അവയ്‌ക്കു മുമ്പില്‍ പ്രണമിക്കുകയോ അവയെ ആരാധിക്കുകയോ ചെയ്യരുത്. എന്തെന്നാല്‍ ഞാന്‍ നിന്റെ ദൈവമായ കര്‍ത്താവ്, അസഹിഷ്‌ണുവായ ദൈവമാണ്" (പുറ 20 : 3-5) ഈ വചനം ഉദ്ധരിച്ചുകൊണ്ടാണ് കത്തോലിക്കര്‍ വിഗ്രഹാരാധകരാണെന്നു ഇവര്‍ വാദിക്കുന്നത്. ഈ വചനമനുസരിച്ചാണെങ്കില്‍ യാതൊന്നിന്റെയും പ്രതിമയോ രൂപമോ ചിത്രമോ ഉണ്ടാക്കാന്‍ പാടില്ല.
ഈ വചനം മാത്രം കണക്കിലെടുത്തു കത്തോലിക്കര്‍ വിഗ്രഹാരാധകരാണെന്നു പറയുന്നവര്‍ വി. ഗ്രന്ഥം വായിച്ചിട്ടില്ലാത്തവരാണെന്നു വ്യക്തമാണ്. കാരണം വി. ഗ്രന്ഥത്തില്‍ മറ്റു പല ഭാഗങ്ങളിലും രൂപങ്ങളും, ശില്‌പങ്ങളും ഉണ്ടാക്കാന്‍ ദൈവം തന്നെ ആവശ്യപ്പെട്ടിട്ടുണ്ട്. ദൈവം മോശയോടു കല്‌പിച്ചു "ശുദ്ധി ചെയ്യ്‌ത സ്വര്‍ണ്ണം കൊണ്ട് ഒരു കൃപാസനം നിര്‍മ്മിക്കണം. അതിന്റെ നീളം രണ്ടര മുഴവും, വീതി ഒന്നര മുഴവും ആയിരിക്കണം. കൃപാസനത്തിന്റെ രണ്ടറ്റത്തുമായി അടിച്ചുപരത്തിയ സ്വര്‍ണ്ണം കൊണ്ട് രണ്ട് കെരൂബുകളെ നിര്‍മ്മിക്കണം" (പുറ 25 : 17-18) "കൃപാസനത്തിനു മുകളില്‍ നിന്നു, സാക്ഷ്യപേടകത്തിനു മീതെയുള്ള കെരൂബുകളുടെ നടുവില്‍ നിന്നു ഞാന്‍ നിന്നോടു സംസാരിക്കും." (പുറ 25 : 22)
വിഗ്രഹങ്ങളുടെ നടുവില്‍ നിന്നു ദൈവത്തിനു മോശയോടു സംസാരിക്കാം. അങ്ങനെയെങ്കില്‍ രൂപങ്ങളുള്ള കത്തോലിക്കാ ദേവാലയങ്ങളില്‍ ദൈവം വസിക്കുകയില്ലെന്നുള്ള വാദം എത്രയോ വലിയ വിഢിത്തമാണ്. "കര്‍ത്താവ് മോശയോടു അരുളിച്ചെയ്‌തു : ഒരു പിച്ചള സര്‍പ്പത്തെ ഉണ്ടാക്കി വടിയില്‍ ഉയര്‍ത്തി നിര്‍ത്തുക. ദംശനമേല്‌ക്കുന്നവര്‍ അതിനെ നോക്കിയാല്‍ മരിക്കുകയില്ല." (സംഖ്യ 21 : 8) ജറുസലേം ദേവാലയം നിര്‍മ്മിക്കുമ്പോള്‍ വിവിധ തരത്തിലുള്ള രൂപങ്ങള്‍ നിര്‍മ്മിച്ച് ദേവാലയത്തില്‍ സ്ഥാപിക്കുന്നതായി ബൈബിളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. "അവന്‍ കെരൂബുകളെ സ്വര്‍ണ്ണം കൊണ്ട് പൊതിഞ്ഞു. അകത്തും പുറത്തുമുള്ള മുറികളുടെ ഭിത്തികളില്‍ കെരൂബുകളും, ഈന്തപ്പനകളും, വിടര്‍ന്ന പുഷ്‌പങ്ങളും കൊത്തിവെച്ചിരുന്നു." (1 രാജാ 6 : 29-30) "പന്ത്രണ്ട് കാളകളുടെ പുറത്താണ് ജലസംഭരണി സ്ഥാപിച്ചിരുന്നത്. അവയില്‍ മുമ്മൂന്നെണ്ണം വടക്കോട്ടും, പടിഞ്ഞാറോട്ടും, തെക്കോട്ടും, കിഴക്കോട്ടും തിരിഞ്ഞു നിന്നു. (1 രാജാ 7 : 25) "പലകകളില്‍ സിംഹം, കാള, കെരൂബ് എന്നിവയുടെ രൂപങ്ങള്‍ കൊത്തിയുണ്ടാക്കി. ചട്ടത്തില്‍ താഴെയും, മുകളിലും സിംഹം, കാള, പുഷ്‌പം എന്നിവ കൊത്തിവെച്ചു. (1 രാജാ 7 : 29)
ഇങ്ങനെ നിരവധി വിഗ്രഹങ്ങള്‍ ഉണ്ടായിരുന്ന ജറുസലേം ദേവാലയത്തില്‍ ദൈവം വസിച്ചിരുന്നു. ഈശോയും ശിഷ്യന്മാരും ജറുസലേം ദേവാലയത്തില്‍ പ്രാര്‍ത്ഥിക്കാന്‍ പോയിരുന്നതായും വി. ഗ്രന്ഥം സാക്ഷ്യപ്പെടുത്തുന്നു.
ഒരു വിഗ്രഹവും ഉണ്ടാക്കരുതെന്ന് കല്‌പിച്ച ദൈവം തന്നെ വിഗ്രഹങ്ങള്‍ ഉണ്ടാക്കാനും ആവശ്യപ്പെട്ടുവെങ്കില്‍ രൂപങ്ങള്‍ ഉണ്ടാക്കുന്നതോ സ്ഥാപിക്കുന്നതോ അല്ല, മറിച്ച് അവയെ ആരാധിക്കുന്നതാണ് തെറ്റ്, ഇസ്രായേല്‍ ജനം സ്വര്‍ണ്ണം കൊണ്ട് കാളക്കുട്ടിയെ നിര്‍മ്മിച്ച് അവയെ ആരാധിച്ചപ്പോള്‍ ദൈവം കോപിച്ചു. (പുറ 32) എന്നാല്‍ ജറുസലേം ദേവാലയത്തില്‍ പന്ത്രണ്ട് കാളകളെ നിര്‍മ്മിച്ച് സ്ഥാപിച്ചതിനെ ദൈവം എതിര്‍ക്കുന്നില്ല.
കത്തോലിക്കര്‍ ഈശോയുടെയും വിശുദ്ധരുടെയും രൂപങ്ങള്‍ സ്ഥാപിക്കുന്നത് അവയെ ആരാധിക്കാനല്ല, മറിച്ച് അവ ചില സൂചകങ്ങളാണ്. ക്രൂശിതനായ ഈശോയുടെ രൂപം, അവിടുന്ന് നമ്മുക്കുവേണ്ടിയാണ് ക്രൂശില്‍ മരിച്ചതെന്നു നമ്മെ ഓര്‍മ്മിപ്പിക്കുന്നു. ഈശോയുടെ കുരിശുമരണത്തെക്കുറിച്ച് എത്രയധികം വായിച്ചാലും, കേട്ടാലും മനസ്സിലാകാത്ത കാര്യങ്ങള്‍ ക്രൂശിതരൂപം കാണുമ്പോള്‍ മനസ്സിലാകും.
ഉദാഹരണത്തിന് കുരിശുണ്ടാക്കുന്നത് ദൈവകല്‌പനയ്‌ക്ക് ലംഘനമാണെന്ന് കരുതി ക്രിസ്‌ത്യാനികളാരും കുരിശുണ്ടാക്കുന്നില്ലെന്നു വിചാരിക്കുക. ഭാരതത്തിലാരെയും കുരിശില്‍ തറച്ച് കൊല്ലാറില്ലാത്തതിനാല്‍ ഇവിടെയുള്ളവര്‍ കുരിശു കണ്ടിട്ടുമില്ല, അങ്ങനെയുള്ള ഒരു ജനതയോട് ഈശോ കുരിശില്‍ മരിച്ചെന്നു പറഞ്ഞാല്‍ ആ മരണത്തിന്റെ തീവ്രത എങ്ങനെയവര്‍ മനസ്സിലാക്കും.
പെന്തക്കോസ്‌തുകാര്‍ കുരിശെന്താണെന്നു മനസ്സിലാക്കിയതുതന്നെ നമ്മുടെ ഭവനങ്ങളിലും, ദേവാലയങ്ങളിലും ഉള്ള കുരിശു കണ്ടിട്ടല്ലേ? അപ്പന്റെ ഫോട്ടോ കാണുന്ന മകന്‍ ഫോട്ടോയെ നോക്കി ഇതെന്റെ അപ്പനാണെന്ന് പറയും, അപ്പനോടുള്ള സ്‌നേഹത്തിന്റെ പ്രകടനമായി ചിലപ്പോള്‍ ഫോട്ടോയില്‍ ഉമ്മ വെച്ചെന്നും വരും. അതുകൊണ്ട് ആ ഫോട്ടോ അവന്റെ അപ്പനാണെന്ന് ആരെങ്കിലും പറയുമോ? ഫോട്ടോ കാണുമ്പോള്‍ അവന്‍ തന്റെ അപ്പനെ ഓര്‍ക്കുന്നു. അപ്പനോടുള്ള സ്‌നേഹത്തിന്റെ അടയാളമായി ഫോട്ടോയ്‌ക്ക് ഉമ്മ നല്‍കുന്നു. ഇതുപോലെ ഒരു വിശുദ്ധന്റെ രൂപം കാണുമ്പോള്‍ നാം ഓര്‍ക്കുന്നത് ആ വിശുദ്ധനെയാണ്.
വി. പൗലോസ് പറയുന്നു "വിഗ്രഹങ്ങള്‍ക്കര്‍പ്പിച്ച ഭക്ഷണസാധനങ്ങളെപ്പറ്റിയാണെങ്കില്‍, ലോകത്തില്‍ വിഗ്രഹമെന്നൊന്നില്ലെന്നും ഏക ദൈവമല്ലാതെ മറ്റൊരു ദൈവമില്ലെന്നും നമുക്കറിയാം." (1 കോറി 8 : 4) ഈ സത്യം കത്തോലിക്കര്‍ക്കറിയാവുന്നതുകൊണ്ട് ഈശോയുടെ അല്ലെങ്കില്‍ വിശുദ്ധരുടെ രൂപത്തിനു മുമ്പില്‍ നില്‌ക്കുമ്പോള്‍ നാം അനുസ്‌മരിക്കുന്നത് ആ രൂപം പ്രതിനിധാനം ചെയ്യുന്ന വ്യക്തിയെയാണ്. അല്ലാതെ ആ രൂപത്തിനു പ്രത്യേകിച്ച് എന്തെങ്കിലും ശക്തിയുണ്ടെന്നോ, ആ രൂപത്തില്‍ നിന്നും ശക്തിയൊഴുകി തന്നെ രക്ഷിക്കുമെന്ന വിശ്വാസമുള്ളതുകൊണ്ടല്ല. പൗലോസ് ശ്ലീഹാ തുടര്‍ന്ന് പറയുന്നു : "എങ്കിലും ഈ അറിവ് എല്ലാവര്‍ക്കുമില്ല, ഇതുവരെ വിഗ്രഹങ്ങളുമായി ബന്ധപ്പെട്ട് ജീവിച്ച ചിലര്‍ ഭക്ഷിക്കുന്നത് വിഗ്രഹാരാധകരുടെ മനോഭാവത്തോടെയാണ്. അവരുടെ മനസ്സാക്ഷി ദുര്‍ബലമാകയാല്‍ അതു മലിനമായി തീരുന്നു." (1 കോറി 8 : 7)
പൗലോസ് ശ്ലീഹാ സൂചിപ്പിച്ചതുപോലെയുള്ളവര്‍ക്കാണ് കത്തോലിക്കര്‍ വിഗ്രഹാരാധകരാണെന്ന് തോന്നുന്നത്. അവരുടെ മനോഭാവം വിഗ്രഹാരാധകരുടേതായതുകൊണ്ടും, മനസ്സാക്ഷി ദുര്‍ബലമായതുകൊണ്ടും എവിടെ ശില്‌പങ്ങള്‍ കണ്ടാലും അതു ആരാധിക്കാനുള്ളതാണെന്നു അവര്‍ തെറ്റിദ്ധരിക്കും.ഈശോയുടെ ചിത്രം കാണുമ്പോള്‍ വിഗ്രഹാരാധന ഓര്‍മ്മ വരുന്ന ഇവര്‍ക്ക് എന്തുകൊണ്ടാണ് ഗാന്ധിജിയുടെ ചിത്രം ഉള്ള രൂപയോട് 'അലര്‍ജി' ഇല്ലാത്തത്. രൂപാ ഭദ്രമായി പോക്കറ്റില്‍ ഇട്ടുകൊണ്ടു നടക്കുന്നതിനും, സ്‌തോത്രക്കാഴ്‌ച്ച, ദശാംശം എന്നീ പേരുകളില്‍ ഗാന്ധിയുടെ രൂപം അച്ചടിച്ചുവെച്ച കറന്‍സി നോട്ട് വാങ്ങുവാനും യാതൊരു വൈമനസ്യവും ഇത്തരക്കാര്‍ കാട്ടാറില്ലല്ലോ?
യഥാര്‍ത്ഥത്തില്‍ എന്താണ് വിഗ്രഹാരാധന? "നിന്റെ ദൈവമായ കര്‍ത്താവ് ഞാനാണ്, ഞാനല്ലാതെ മറ്റൊരു ദൈവം നിനക്കുണ്ടായിരിക്കരുത്'" എന്ന കല്‌പനയുടെ ലംഘനമാണ് വിഗ്രഹാരാധന. ദൈവത്തെക്കാളുപരിയോ, ദൈവത്തിനു തുല്യമായോ ഏതെങ്കിലും വ്യക്തിയെയോ, വസ്‌തുവിനെയോ ഹൃദയത്തില്‍ പ്രതിഷ്‌ഠിക്കുമ്പോള്‍ അതു വിഗ്രഹാരാധനയാണ്. അതുകൊണ്ടാണ് പൗലോസ് ശ്ലീഹാ പറയുന്നത് "നിങ്ങളില്‍ ഭൗമികമായിട്ടുള്ളതെല്ലാം അസന്മാര്‍ഗികത, അശുദ്ധി, മനക്ഷോഭം, ദുര്‍വിചാരങ്ങള്‍, വിഗ്രഹാരാധന തന്നെയായ ദ്രവ്യാസക്തി ഇവയെല്ലാം നശിപ്പിക്കുവിന്‍." (കൊളോ 3 :5) ഇവിടെ ശ്ലീഹാ സൂചിപ്പിക്കുന്നത് പണത്തിനോടും സമ്പത്തിനോടുമുള്ള ആസക്തി വിഗ്രഹാരാധനയാണെന്നാണ്.
എന്നാല്‍ ചിലര്‍ക്ക് കത്തോലിക്കാ ദേവാലയങ്ങളിലെ ആരാധന മാത്രമാണ് വിഗ്രഹാരാധന. കാരണം ദ്രവ്യാസക്തി വിഗ്രഹാരാധനയാണെന്നു വിശ്വാസികള്‍ക്ക് മനസ്സിലായാല്‍ അവരുടെ പാസ്റ്റര്‍മാര്‍ വിഗ്രഹാരാധകരാണെന്നുള്ള സത്യം അവര്‍ മനസ്സിലാക്കും.